അതിഥി തൊഴിലാളികള്‍ക്കായി 'ചോട്ടു'; അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍

ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

'ചോട്ടു' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്.

സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം കാണിച്ച് ഈ സിലിണ്ടര്‍ വാങ്ങാം. വിലാസ രേഖകളില്ലാത്ത സാഹചര്യത്തിൽ കരിഞ്ചന്തയില്‍ നിന്ന് അമിതവില കൊടുത്ത് ഗ്യാസ് വാങ്ങേണ്ടി വരുന്ന സാഹചര്യമായിരുന്നു അതിഥി തൊഴിലാളികൾക്ക്. 'ചോട്ടു' പദ്ധതി വരുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും. ഉപയോഗം കഴിഞ്ഞാല്‍ സിലിണ്ടറുകള്‍ തിരികെ നല്‍കാനുള്ള സൗകര്യവും ലഭ്യമാണ്.

നേരത്തെ നിശ്ചയിച്ചിരുന്ന 20 ശതമാനം പരിധിക്ക് പുറമെയാണ് ഈ അധിക വിഹിതം അനുവദിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തൊഴിലാളികള്‍ക്ക് നല്‍കിയ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങള്‍ക്കുള്ള പുതിയ വിഹിതം കണക്കാക്കുക. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ സഹായത്തോടെയായിരിക്കും വര്‍ധിപ്പിച്ച എല്‍പിജി സിലിണ്ടറിന്റെ വിതരണം. വിപണിയിലെ പ്രതിസന്ധി അതിഥിതൊഴിലാളികളെയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെയും ബാധിക്കാതിരിക്കാനാണ് ഈ അടിയന്തര നീക്കമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Content Highlights: central government has doubled the five-kilogram LPG quota for guest workers

To advertise here,contact us