തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി മറ്റൊരു പഹല്‍ഗാം ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടോ?; ചോദ്യവുമായി മമതാ ബാനര്‍ജി

മിണ്ടാതിരിക്കാന്‍ മോദിക്ക് നാണമില്ലേ എന്ന് ചോദിച്ച മമത, പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു

കൊല്‍ക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മറ്റൊരു പഹല്‍ഗാം ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യമുയര്‍ത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി അതിനായി ബ്ലൂപ്രിന്റ് എന്തെങ്കിലും തയ്യാറാക്കിയിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു. നാദിയാ ജില്ലയിലെ ബെത്വദഹാരിയില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു മമതയുടെ ചോദ്യം. കൊല്‍ക്കത്തയില്‍ ആക്രമണം നടത്തുമെന്ന പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും മമതാ ബാനര്‍ജി ചോദിച്ചു.

'കൊല്‍ക്കത്തയെ ലക്ഷ്യമിടുമെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നരേന്ദ്രമോദി എന്തുകൊണ്ടാണ് പറയാതിരുന്നത്? എന്താണ് കാരണം? ബ്ലൂപ്രിന്റ് തയ്യാറാക്കിക്കഴിഞ്ഞോ? തെരഞ്ഞെടുപ്പിന് മുന്‍പ് മറ്റൊരു പഹല്‍ഗാം ഉണ്ടാകും എന്നാണോ?' മമതാ ബാനര്‍ജി ചോദിച്ചു. കൊല്‍ക്കത്ത ആക്രമിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ അത് ബംഗാളികള്‍ സഹിക്കില്ലെന്ന് പറഞ്ഞ മമത, മിണ്ടാതിരിക്കാന്‍ മോദിക്ക് നാണമില്ലേ എന്നും ചോദിച്ചു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം, മമതാ ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. മമതയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. നിരപരാധികളായ ഹിന്ദുക്കളെ പാക് ഭീകരര്‍ കൊലപ്പെടുത്തിയ ക്രൂരമായ പഹല്‍ഗാം ആക്രമണത്തെ തിരക്കഥയെന്നും ബ്ലൂ പ്രിന്റ് എന്നും വിളിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് ഭീകരാക്രമണങ്ങളെപ്പോലും ലഘൂകരിക്കുകയാണെന്നുമാണ് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞത്.

Content Highlights: Is BJP planning another Pahalgam attack before elections?; Mamata Banerjee questions

To advertise here,contact us