'എങ്ങും പോകുന്നില്ല, സദാ എന്‍റെ കണ്ണ് ബിഹാറിന് മേലുണ്ടാവും'; ജെഡിയു നേതാക്കളോട് നിതീഷ് കുമാർ

കൂടിക്കാഴ്ചയിൽ നിരവധി എംഎൽഎമാരാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിലെ വിയോജിപ്പ് പരസ്യമാക്കിയത്.

പട്ന: മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നതിൽ പാർട്ടി നേതാക്കളിൽ നിന്നും ഉയർന്ന അതൃപ്തി പരിഹരിക്കാൻ നേരിട്ടിറങ്ങി ജെഡിയു നേതാവ് നിതീഷ് കുമാർ. മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ നിതീഷ് കുമാർ താൻ എങ്ങും പോകില്ല എന്നും ബിഹാറിന്റെ കാര്യങ്ങളിൽ നിരന്തരം ശ്രദ്ധ പുലർത്തുമെന്നും ഉറപ്പ് നൽകി.

കൂടിക്കാഴ്ചയിൽ നിരവധി എംഎൽഎമാരാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാൻ ഒരുങ്ങുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചത്. രാജ്യസഭയിലേക്ക് പോകാനുള്ള തീരുമാനം പുനഃപരിശോധിക്കാനും എംഎൽഎമാർ ആവശ്യപ്പെട്ടു. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറല്ല എന്നായിരുന്നു നിതീഷിന്റെ നിലപാട്. താൻ ബിഹാറിലേക്ക് തന്നെയാണ് വരികെയെന്നും ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. തന്റെ കണ്ണ് എല്ലായിടത്തും ഉണ്ടാകും. കാര്യങ്ങൾ താൻ വേണ്ടത് പോലെ ചെയ്യുമെന്നും നിതീഷ് ഉറപ്പ് നൽകി.

നിതീഷ് രാജ്യസഭയിലേക്ക് പോകുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്‌തി പുകയുകയാണ്. കഴിഞ്ഞ ദിവസവും പട്നയിലെ ജെഡിയു സംസ്ഥാന കാര്യാലയത്തിന് മുൻപാകെ പ്രവർത്തകർ പ്രതിഷേധിച്ചു. നിതീഷിനെ ഒതുക്കാനായി ബിജെപി നടത്തിയ കളിയാണിത് എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം.

പാർട്ടിക്കുള്ളിലെ ചില ചതിയന്മാർ ബിജെപിയുമായി ഒത്തുചേർന്ന് നടത്തിയ നീക്കമാണ് ഇതെന്നാണ് ഇവരുടെ ആരോപണം. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയതിന് പിന്നാലെ നിതീഷ് മദ്യലോബിയുടെ കണ്ണിലെ കരടായെന്നും ആരോപിച്ചു.

മാർച്ച് അഞ്ചിനാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക നൽകിയത്. രാജ്യസഭാ പ്രവേശനത്തെ രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോഴേയുള്ള ആഗ്രഹം എന്നാണ് നിതീഷ് കുമാർ വിശേഷിപ്പിച്ചത്. ബിഹാർ നിയമസഭയിലെ ഇരുസഭകളിലും അതേപോലെ പാർലമെന്റിലെ ഇരുസഭകളിലും അംഗമാകണമെന്നായിരുന്നു ആഗ്രഹിച്ചത്. അതിനാൽ ഇത്തവണ രാജ്യസഭയിലേക്കുള്ള തെരഞ്ഞടുപ്പിലൂടെ രാജ്യസഭാംഗമാകാൻ ആഗ്രഹിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ നിതീഷ് കുമാർ വ്യക്തമാക്കിയത്.

നിതീഷ് രാജ്യസഭയിലേക്ക് പോകുന്നതോടെ മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുക്കും. പകരം നിതീഷിന്റെ മകൻ നിഷാന്ത് കുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകും. നിഷാന്ത് ഇതുവരെ പാർട്ടി അംഗമല്ല. അതിനാൽ മാർച്ച് എട്ടിന് അദ്ദേഹം പാർട്ടിയിൽ അംഗത്വമെടുക്കും. നിഷാന്തിന് പുറമെ ഒരു ഉപമുഖ്യമന്ത്രി കൂടെയുണ്ടാകും. ആ സ്ഥാനം ബിജെപിയ്ക്കാകുമോ, ജെഡിയുവിനാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Content Highlights: Following unrest within the party over the Rajya Sabha nomination, Nitish Kumar personally stepped in to calm tensions within the Janata Dal (United). He held discussions with senior party leaders and assured them that he has no plans to leave and will continue to focus on Bihar’s affairs.

To advertise here,contact us