ഇസ്രയേലുമായുള്ള കാർഷിക മേഖലയിലെ സഹകരണം; മോദി-നെതന്യാഹു സംയുക്ത വാർത്താക്കുറിപ്പിനെ വിമർശിച്ച് AIKS

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള 'പ്രത്യേക തന്ത്രപരമായ പങ്കാളിത്ത'ത്തിൻ്റെ ഒരു രൂപരേഖയാണ് സംയുക്ത പ്രസ്താവനയെന്ന് AIKS

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് അഖിലേന്ത്യാ കിസാൻ സഭ. ക്രൂരമായ വംശഹത്യ നടത്തുന്ന സയണിസ്റ്റ് ഭരണകൂടത്തോടുള്ള നരേന്ദ്ര മോദിയുടെ അനുകമ്പ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ പാരമ്പര്യത്തോടുള്ള വഞ്ചനയാണെന്നാണ് എഐകെഎസിൻ്റെ വിമർശനം. അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർ‍ന്ന് നരേന്ദ്ര മോദി തയ്യാറാക്കിയ സംയുക്ത വാർത്താക്കുറിപ്പിനെയും എഐകെഎസ് വിമർശിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള 'പ്രത്യേക തന്ത്രപരമായ പങ്കാളിത്ത'ത്തിന്റെ ഒരു രൂപരേഖയാണ് സംയുക്ത പ്രസ്താവന എന്നാണ് എഐകെഎസിൻ്റെ വിമർശനം. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിൻ്റെ എല്ലാ ഘടകങ്ങളും നരേന്ദ്ര മോദി അമേരിക്കൻ സാമ്രാജ്യത്വത്തിന് അനുകൂലമായി അടിയറവ് വെയ്ക്കുന്നുവെന്നും എഐകെഎസ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തുന്ന സമയത്തുള്ള മോദിയുടെ ഇസ്രായേൽ സന്ദർശനം കൂടുതൽ ​ഗൗരവമായ വിഷയാണെന്നും എഐകെഎസ് ചൂണ്ടിക്കാണിച്ചു.

ഒക്ടോബർ 7ലെ പലസ്തീനികളുടെ സായുധ പ്രതിരോധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന നിലയിൽ പലസ്തീനികൾക്കെതിരായ വംശഹത്യയെ സമർത്ഥമായി വെള്ളപൂശുന്ന സാമ്രാജ്യത്വ വാദത്തെ പിന്തുണയ്ക്കുന്ന മോദി ഇന്ത്യ ചരിത്രപരമായി സ്വീകരിച്ചുവരുന്ന വിമോചന പോരാട്ടങ്ങൾക്ക് അനുകൂലമായ തത്വാധിഷ്ഠിത നിലപാടിനെ വഞ്ചിച്ചുവെന്നും എഐകെഎസ് കുറ്റപ്പെടുത്തി. 'ഇസ്രായേൽ ഇല്ലാതാക്കിയ 72,000-ത്തിലധികം പലസ്തീനികളെ കുറിച്ച് പരാമർശിക്കാതിരിക്കാൻ മോദി പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യ-ഇസ്രായേൽ ബന്ധം 'ആഴത്തിലുള്ള വിശ്വാസം, പരസ്പരമുള്ള ജനാധിപത്യ മൂല്യങ്ങൾ, മാനവിക സംവേദനക്ഷമത' എന്നിവയുടെ ശക്തമായ അടിത്തറയിലാണ് സ്ഥാപിതമായതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാരുടെ ജനാധിപത്യ മൂല്യങ്ങളും മാനവിക സംവേദനക്ഷമതയും അടിച്ചമർത്തപ്പെടുന്നവർക്കൊപ്പമാണ് അടിച്ചമർത്തുന്നവർക്കൊപ്പമല്ലെ'ന്നും എഐകെഎസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേലുമായുള്ള തന്ത്രപരവും പ്രതിരോധപരവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതാണ് നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനമെന്നും എഐകെഎസ് കുറ്റപ്പെടുത്തി. കൃഷി, സാങ്കേതികവിദ്യ, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ 15 ലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇസ്രായേലിൻ്റെ നിലവിലുള്ള കുടിയേറ്റ കൊളോണിയൽ പദ്ധതിയിലേക്ക് ഇന്ത്യൻ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള ഒരു കരാറും ഉണ്ടായിരിക്കുന്നതും എഐകെഎസ് ചൂണ്ടിക്കാണിച്ചു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി-ആർഎസ്എസ് ഭരണകൂടം ഇന്ത്യയെ യുഎസ്-ഇസ്രായേൽ അച്ചുതണ്ടിൻ്റെ ചുഴിയിലേക്ക് തന്ത്രപരമായി തള്ളിവിടുന്നതിനെയും അഖിലേന്ത്യാ കിസാൻ സഭ അപലപിച്ചു.

കാർഷിക മേഖലയിൽ ഇസ്രായേലുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടാകുമെന്ന സംയുക്ത വാർത്തക്കുറിപ്പിലെ നിലപാടിനെതിരെയും എഐകെഎസ് രം​ഗത്ത് വന്നിട്ടുണ്ട്. 'ഇസ്രായേൽ സാങ്കേതികവിദ്യ എല്ലാ ഇന്ത്യൻ ഗ്രാമങ്ങളിലേക്കും എത്തിക്കുക' എന്ന സ്വപ്നമാണ് സംയുക്ത വ‍ാർത്താക്കുറിപ്പ് പ്രകടിപ്പിക്കുന്നത്. 'ഇന്ത്യ-ഇസ്രായേൽ ഇന്നൊവേഷൻ സെന്റർ ഫോർ അഗ്രികൾച്ചർ എന്നൊരു പദ്ധതിയും പുരോഗമിക്കുന്നു. സാമ്രാജ്യത്വ വിപണികൾ വികസിപ്പിക്കുന്നതിലും വലിയ സാമ്രാജ്യത്വ അജണ്ടകൾക്ക് വഴിയൊരുക്കുന്നതിലും യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ പരിസ്ഥിതി സൗഹൃദമോ സുസ്ഥിരമോ ആയി ചിത്രീകരിക്കുന്ന കാ‍‍ർഷിക മേഖലയിൽ പ്രവ‍ർത്തിക്കുന്ന ഇസ്രായേലി കുത്തക കോ‍ർപ്പറേറ്റ് കമ്പനികളുടെ പങ്ക് എഐകെഎസ് നിരന്തരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇസ്രായേലിൽ പ്രവ‍‍ർത്തിക്കുന്ന ഇന്ത്യൻ ചങ്ങാത്ത കോർപ്പറേറ്റ് ബിസിനസ്സ് ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണെ'ന്നും എഐകെഎസ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തിനും അവരുടെ പിണിയാളുകൾക്കും നരേന്ദ്ര മോദി നിന്ദ്യമായി അടിയറവെയ്ക്കുന്നതിനെ ചെറുക്കാൻ എല്ലാ വിഭാഗം കർഷകരോടും തൊഴിലാളികളോടും എഐകെഎസ് ആഹ്വാനം ചെയ്തു.

Content Highlights:‌ All India Kisan Sabha (AIKS) criticizes the Modi-Netanyahu joint press statement promoting agricultural collaboration with Israel, amid concerns over farmer interests, sovereignty, and geopolitical implications during the recent elevation of India-Israel ties to a Special Strategic Partnership.

To advertise here,contact us