ആർഎസ്എസിന്‍റെ രജിസ്ട്രേഷനായി കോൺഗ്രസ് നിയമം കൊണ്ടുവരും; പ്രിയങ്ക് ഖർഗെ

ഏതെങ്കിലും സംഘടന രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ അത് നിയമവിരുദ്ധമാണെന്നും പ്രിയങ്ക് പ്രതികരിച്ചു

ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെയുള്ള (ആർഎസ്എസ്) വിമർശനം ആവർത്തിച്ച് ക‍ർണാടക ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസിൻ്റെ കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കോൺഗ്രസ് നിയമം കൊണ്ട് വരുമെന്നാണ് പ്രിയങ്ക് ഖർഗെ പറഞ്ഞത്. ആർഎസ്എസ് കള്ളപ്പണം വെളുപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് പ്രിയങ്ക് ഖാർഗെ നേരത്തെ ആരോപിച്ചിരുന്നു. ആർഎസ്എസിന് അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി വിദേശരാജ്യങ്ങളിലെ 2,500ലധികം സംഘടനകളില്‍നിന്ന് പണം ലഭിക്കുന്നുണ്ടെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്നുമാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. രാജ്യത്തെ നിയമവും ഭരണ​ഘടനയും ആ‍ർഎസ്എസിനും ബാധകമാക്കണമെന്ന് അദേഹം അഭിപ്രായപ്പെട്ടിരുന്നു. സംഭാവനകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ട നിയമപ്രകാരം ആർ‌എസ്‌എസ് അത് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക് ആവർത്തിച്ചു. സംഭാവനകൾ സ്വീകരിക്കുന്ന സംഘടനകൾ അത് നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും സംഘടന രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചാൽ അത് നിയമവിരുദ്ധമാണെന്നും പ്രിയങ്ക് പ്രതികരിച്ചു.

ആർ‌എസ്‌എസ് രജിസ്റ്റർ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാൽ അത് പരിഹരിക്കുന്നതിന് ഒരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിനെതിരെ ചോദ്യമുയർത്തുമ്പോൾ മറ്റുള്ളവർ മറുപടിയുമായി വരുന്നത് എന്തിനാണെന്നും ബിജെപിയാണോ അവരുടെ വക്താവെന്നും പ്രിയങ്ക് ചോദിച്ചു. ബിജെപി മാനേജർമാരുടെ മക്കൾ ആരും ആർ‌എസ്‌എസ് ശാഖകളിൽ പങ്കെടുക്കുന്നില്ലെന്നും, ഉണ്ടെങ്കിൽ തെളിവായി അവരുടെ ഫോട്ടോ കാണിക്കേണ്ടിവരുമെന്നും പ്രിയങ്ക് പരിഹസിച്ചു. അവരാരും ഗോശാലകളിൽ പോകുന്നില്ല, ഗോമൂത്രം കുടിക്കുന്നില്ല, ധർമ്മ രക്ഷണത്തിൽ ഏർപ്പെടുന്നില്ല എന്ന് എനിക്കറിയാമെന്നും അദേഹം കൂട്ടിചേർത്തു. നിങ്ങൾ ആർ‌എസ്‌എസ് ഷോർട്ട്സ് ധരിക്കുമ്പോൾ നിങ്ങൾ ഒരു എം‌എൽ‌സി ആകുമെന്നും അദ്ദേഹം പരിഹസിച്ചു.

ആർഎസ്എസ് സംഭാവനകൾ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണ്? അവരുടെ സംഭാവന എവിടെനിന്ന് വരുന്നു? ആരാണ് അത് അടയ്ക്കുന്നത്? എന്തുകൊണ്ടാണ് ആർഎസ്എസ് നികുതി അടയ്ക്കാത്തത്? മറ്റുള്ളവരുടെ ഓരോ രൂപയും കണക്കിൽ വെക്കുമ്പോൾ, ആർഎസ്എസ്ന്റെ പണത്തിന് ഉത്തരവാദിത്തമില്ലാത്തത് എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളും മന്ത്രി മുന്നോട്ട് വെച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ സ്ഥാപനങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖർഗെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. രജിസ്റ്റർ ചെയ്യാത്ത സംഘടനകളാണ് ഇന്ത്യയിലെ യഥാർഥ പ്രശ്‌നം. ഇത്തരം സംഘടനകൾ എന്താണ് ചെയ്യുന്നതെന്ന് ആർക്കും അറിയില്ല. പക്ഷേ, അവർക്ക് പൂർണ രാഷ്ട്രീയ സ്വാതന്ത്ര്യം വേണം. മറ്റെല്ലാ സംഘടനകളെപ്പോലെ ആർഎസ്എസ്ൻ്റെ സംഘടന പ്രവർത്തനങ്ങൾ സുതാര്യമാവണമെന്നും പ്രിയങ്ക് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 15 നു നടന്ന ഇർഷാദ് ഉപ്പിനൻ ഗാഡിയുടെ പുസ്‌തക പ്രകാശന ചടങ്ങിലാണ് ആർഎസ്എസിനെ ഡെവിൾ എന്ന് ഖാർഗെ അഭിസംബോധന ചെയ്‌തിരുന്നു. 1925 ലാണ് ആർഎസ്എസ് സ്ഥാപിതമായതെന്നും ഇത് വ്യക്തികളുടെ കൂട്ടായ്മ മാത്രമാണെന്നും നിയമപരമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യകതയില്ലെന്നും എംഎൽസി ചലവാടി നാരായണസ്വാമി പ്രിയങ്ക് ഖർഗെയുടെ പരാമർശത്തിന് മറുപടിയായി പറഞ്ഞു.

Content Highlights: Karnataka Rural Development and Panchayat Raj Minister Priyank Kharge has reiterated his criticism of the Rashtriya Swayamsevak Sangh (RSS)

To advertise here,contact us