ജയ്പൂര്‍: രാജസ്ഥാന് നിയമസഭയില്‍ സംസ്ഥാന ബജറ്റ് ചര്‍ച്ചയ്ക്കിടെ ആൺകുട്ടിയെയും പെൺകുട്ടിയെയും താരതമ്യം ചെയ്ത് വിവാദ പരാമർശം നടത്തി ബിജെപി എംഎല്‍എ ബഹാദൂര്‍ സിങ് കോലി. ബിജെപി സര്‍ക്കാരിന്റെ ബജറ്റിനെ ആണ്‍കുട്ടിയുടെ ജനനമായും മുന്‍കാലത്തെ കോണ്‍ഗ്രസിന്റെ ബജറ്റിനെ പെണ്‍കുട്ടിയുടെ ജനനമായുമാണ് എംഎല്‍എ വിശേഷിപ്പിച്ചത്. വീര്‍ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഇയാള്‍. തിങ്കളാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം.
'ഞങ്ങളുടേത് യുവ ബജറ്റാണ്, അവരുടേത് വയോജന ബജറ്റും.. ഞങ്ങളുടെ സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി, അത് പോലെ തന്നെ രണ്ടാമതത്തേയും മൂന്നാമത്തേയും ബജറ്റിലും വീണ്ടും അത് സംഭവിച്ചു. ചെറുപ്പക്കാലത്ത് ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നതാണ് എപ്പോഴും ഉപയോഗപ്രദം. എന്നാല്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം അവസാന ബജറ്റില്‍ പല പ്രഖ്യാപനങ്ങളും നടത്തി. പക്ഷേ ജനിച്ചത് പെണ്‍കുട്ടിയായി പോയി, ആണ്‍കുട്ടിയല്ല, അതാണ് അവര്‍ ഇപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത്' - കോലി പറഞ്ഞു.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അനാവശ്യവും വിവേചനപരവുമായ പരാമര്‍ശമാണ് എംഎല്‍എ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി പറഞ്ഞു. മകനെയും മകളെയും വിവേചനത്തോടെ കാണുന്ന തരത്തിലുള്ള പരാമര്‍ശം ഒരു എംഎല്‍എ നടത്തിയപ്പോള്‍ ബിജെപിയുടെ മറ്റ് ജനപ്രതിനിധികളെല്ലാം ചിരിക്കുകയായിരുന്നു. ഇന്നത്തെ കാലത്തും ഇത്തരം രീതികള്‍ നിലനില്ക്കുന്നതില് ലജ്ജ തോന്നുന്നുവെന്നും തനിക്കും രണ്ട് പെണ്‍കുഞ്ഞുങ്ങളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്നും പെണ്മക്കളെ കുറിച്ച് ഇത്തരം ചിന്താഗതിയാണ് ബിജെപി എംഎല്‍എമാര്‍ കൊണ്ടുനടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് കോലി.
Content Highlights: A BJP MLA triggered controversy after comparing the party’s Budget to the birth of a boy, while likening the Congress Budget to the birth of a girl.