ന്യൂഡൽഹി : ലൈംഗികാതിക്രമക്കേസില് ആര്ജെഡി നേതാവും മുന് മന്ത്രിയുമായ നീലലോഹിതദാസന് നാടാര്ക്ക് സുപ്രിംകോടതിയില് ആശ്വാസം. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ അതിജീവിത നല്കിയ അപ്പീലാണ് സുപ്രിംകോടതി തള്ളിയത്. എല്ലാ വിശദാംശങ്ങളും പരിശോധിച്ചല്ല ഹൈക്കോടതി ഉത്തരവെന്നും തീരുമാനത്തില് പിഴവുണ്ടായെന്നും ആരോപിച്ചാണ് അപ്പീല് നൽകിയത്. കേരള വനംവകുപ്പില് ഉന്നതസ്ഥാനങ്ങള് വഹിച്ചിരുന്ന ഉദ്യോഗസ്ഥ നല്കിയ പരാതിയില് എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസന് നാടാരെ വെറുതെ വിട്ടത്. ഒരു വര്ഷത്തേക്ക് ശിക്ഷിച്ച വിചാരണക്കോടതി വിധി റദ്ദാക്കുകയായിരുന്നു.
1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന് നാടാര് ഫോണില് നിര്ദേശിച്ച പ്രകാരം ഔദ്യോഗിക ചര്ച്ചയ്ക്കായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര് മുറിയില്വെച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയില് നീലലോഹിതദാസന് നാടാര്ക്കെതിരെ മുന് ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥ അന്നത്തെ ഡിജിപിക്ക് പരാതി നല്കുകയും കേസെടുക്കുകയും ചെയ്തത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
രഹസ്യവിചാരണ നടന്ന കേസില് കോഴിക്കോട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് (നാല്) കോടതിയാണ് നീലലോഹിതദാസന് നാടാരെ ഒരു വര്ഷം തടവിനു ശിക്ഷിച്ചത്. അപ്പീല് നല്കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്കു മാറ്റിവെച്ചിരുന്നു. തുടര്ന്നാണ് നീലലോഹിതദാസന് നാടാര് ഹൈക്കോടതിയെ സമീപിച്ചത്. വനം മാഫിയയാണ് തനിക്കെതിരെയുള്ള കേസിനു പിന്നിലെന്നായിരുന്നു നീലലോഹിതദാസൻ നാടാർ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. നിലവിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറിമാരിലൊരാളാണ് നീലലോഹിതദാസൻ നാടാർ.
Content Highlight : Neelalohithadasan nadar case Supreme Court Rejects Appeal Against High Court Verdict. The appeal was filed alleging that the High Court order was not examined in all the details and that there was an error in the order.