ഗദഗ്: വീടിന് തറയെടുക്കുന്നതിനിടെ നിധി കണ്ടെത്തിയ കർണാടകയിലെ ഗദഗ് ജില്ലയിൽ ചരിത്രപ്രസിദ്ധമായ ലക്കുണ്ഡി മേഖലയില് വ്യാപക പരിശോധന ആരംഭിച്ച് സർക്കാർ. ശിൽപ്പകലാ പൈതൃകത്തിന് പേരുകേട്ട ലക്കുണ്ഡിയിലെ കോട്ടെ വീരഭദ്രേശ്വര ക്ഷേത്ര പരിസരത്താണ് സമഗ്ര ഖനനം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ്, പുരാവസ്തു–മ്യൂസിയം–പൈതൃക വകുപ്പ്, ലക്കുണ്ഡി ഹെറിറ്റേജ് ഡെവലപ്മെന്റ് അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് ഖനന പ്രവർത്തനങ്ങള് ഏകോപിപ്പിക്കുന്നത്.
ജെസിബികൾ, ലോറികൾ, ട്രാക്ടറുകൾ എന്നിവ എത്തിച്ചാണ് ഖനനം. പത്ത് മീറ്റർ നീളവും വീതിയുമുള്ള പ്രദേശമാണ് ഖനനത്തിനായി പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളത്. ഈ മേഖല ഔദ്യോഗികമായി ഖനന മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരുകാലത്ത് ചാലൂക്യർ, രാഷ്ട്രകൂടർ, ഹോയ്സളർ, കൽചൂരി വംശങ്ങൾ, വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ എന്നിവരുടെ ഭരണത്തിലായിരുന്ന പ്രദേശമാണ് ലക്കുണ്ഡി.
വീട് നിർമിക്കാൻ അടിത്തറയ്ക്കായി ഭൂമി കുഴിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു വന് നിധിശേഖരം കണ്ടെത്തിയത്. ഗംഗവ്വ ബസവരാജ് റിട്ടി എന്ന സ്ത്രീയുടെ വീടിന്റെ അടിത്തറയ്ക്കായി കുഴിയെടുക്കുമ്പോഴാണ് ചെമ്പ് പാത്രത്തില് സൂക്ഷിച്ച നിലയിലുള്ള സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ റിട്ടിയാണ് പാത്രവും അതിലെ സ്വർണവും ആദ്യമായി കണ്ടത്. ഉടൻ തന്നെ കുട്ടി വിവരം ഗ്രാമത്തിലെ മുതിർന്നവരെയും പഞ്ചായത്ത് അംഗങ്ങളെയും വിവരം അറിയിക്കുകയായിരുന്നു.
പുരാതനകാലത്ത് സ്വർണനാണയങ്ങൾ നിർമ്മിച്ചിരുന്ന കേന്ദ്രങ്ങളിലൊന്നായിരുന്നു ലക്കുണ്ഡിയെന്നും പുരാവസ്തു വകുപ്പിലെ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതാണ് പ്രദേശത്ത് വിലപ്പെട്ട നിധികൾ അടങ്ങിയിരിക്കാമെന്ന വിശ്വാസം ശക്തമാക്കുന്നത്. സ്വർണം, വെള്ളി, വജ്രങ്ങൾ, മുത്തുകൾ, മാണിക്യങ്ങൾ, കൊറൽ, വെരിക്കണ്ണ് കല്ലുകൾ എന്നിവ ഉൾപ്പെടെ വിലപ്പെട്ട നിധികൾ ഭൂമിക്കടിയിൽ മറഞ്ഞിരിക്കാമെന്ന വിശ്വാസത്തിലാണ് ഇപ്പോഴത്തെ ഖനനം. “ചരിത്രപരമായി ലക്കുണ്ടി സമൃദ്ധമായ ഒരു വ്യാപാര–സാംസ്കാരിക കേന്ദ്രമായിരുന്നു. വലിയ തോതിലുള്ള ഭൗതിക സമ്പത്ത് ഇപ്പോഴും ഭൂഗർഭത്തിൽ ഒളിഞ്ഞിരിക്കാനുള്ള ശക്തമായ തെളിവുകളുണ്ട്,” ഖനനവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
2024 നവംബറിൽ നടത്തിയ പരിശോധനയില് ലക്കുണ്ഡിയില് നിന്ന് ആയിരക്കണക്കിന് പുരാതന വസ്തുക്കൾ കണ്ടെത്തിയിരുന്നു. അതിനുശേഷം അടുത്തിടെ ആഭരണങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് പരിശോധന ശക്തമാക്കിയത്. ഇപ്പോഴും വിവിധ ഭാഗങ്ങളിൽ നിന്ന് നീലക്കല്ലുകൾ, മുത്തുകൾ, രത്നങ്ങൾ, വജ്രങ്ങൾ, വെരിക്കണ്ണ് കല്ലുകൾ എന്നിവ ലഭിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഖനനം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണെന്നും, കർണാടകയുടെ മധ്യകാല ചരിത്രവുമായി ബന്ധപ്പെട്ട ശിലാലിഖിതങ്ങൾ, സ്മാരകങ്ങൾ, ശിൽപ്പങ്ങൾ, ആഭരണങ്ങൾ എന്നിവ കണ്ടെത്താൻ സാധ്യതയുണ്ടെന്നും പുരാവസ്തു വിദഗ്ധർ വ്യക്തമാക്കി.
Content Highlights: Gold ornaments unearthed in Lakkundi village of Karnataka have triggered a wave of excitement and a local treasure hunt