മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ(ബിഎംസി) ബിജെപി-ശിവസേന സഖ്യത്തിന് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ സഖ്യം 130-ലധികം വാർഡുകൾ നേടുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ബിജെപി-ശിവസേന സഖ്യം 131 മുതൽ 151 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജെവിസി സഖ്യത്തിന് 138 വാർഡുകൾ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
താക്കറെ സഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വർഷത്തിനു ശേഷം ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനായി വീണ്ടും ഒന്നിച്ചിരുന്നു. എന്നാൽ ഇവർക്ക് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. ആക്സിസ് മൈ ഇന്ത്യ പോൾ ശിവസേന (യുബിടി)-എംഎൻഎസ് സഖ്യത്തിന് 58-68 സീറ്റുകളാണ് പ്രവചിക്കുന്നത്. സഖ്യത്തിന് 59 വാർഡുകൾ ലഭിക്കുമെന്ന് ജെവിസി എക്സിറ്റ് പോൾ പ്രവചിക്കുന്നത്. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഗാഡി (വിബിഎ)യുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയ കോൺഗ്രസ് 12-16 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
മറ്റ് സർവേകളും ബിജെപി-ശിവസേന സഖ്യത്തിന് വൻ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മഹായുതിക്ക് ജെഡിഎസ് സർവെ 127-154 വാർഡുകളാണ് പ്രവചിച്ചിരിക്കുന്നത്. ജൻമത് പോൾസ് 138 സീറ്റുകൾ പ്രവചിച്ചു. മറ്റൊരു സർവേയായ ഡിവി റിസർച്ച് ബിജെപി-സേനയ്ക്ക് 107-122 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
ആറ് എക്സിറ്റ് പോളുകളുടെ ശരാശരി പരിശോധിക്കുമ്പോൾ ബിജെപി-സേന സഖ്യത്തിന് 132 വാർഡുകൾ ലഭിക്കുമെന്നാണ് കണക്ക്. ഉദ്ധവ് സേന-എംഎൻഎസ് സഖ്യം 65 വാർഡുകളുമായി രണ്ടാം സ്ഥാനത്താണ്. കോൺഗ്രസും സഖ്യകക്ഷിയും 20 വാർഡുകൾ നേടുമെന്നാണ് പ്രവചിക്കപ്പെടുന്നു. ബിജെപിയുടെയും ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെയും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ കരുത്തിനെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
Content Highlights: Exit polls for the 2026 Brihanmumbai Municipal Corporation (BMC) elections predict a clear victory for the BJP-Shiv Sena (Eknath Shinde-led) alliance, with projections of 131-151 seats in the 227-member civic body