റെയ്ഡിനിടെ രേഖകൾ തട്ടിയെടുത്തു; മമതക്ക് എതിരെ ഇഡി

ഐ-പാക്‌ റെയ്ഡിനിടെ രേഖകൾ മമത ബാനർജി കടത്തിയെന്ന ആരോപണവുമായി ഇ ഡി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിൽ ഇഡി റെയ്ഡ് നടത്തുന്നതിനിടെ മമത ബാനർജിയും സംഘവും സ്ഥലത്തെത്തി എല്ലാ രേഖകളും വിവരങ്ങളും തട്ടിയെടുത്തു എന്ന ആരോപണമാണ് ഇഡി ഉന്നയിച്ചിരിക്കുന്നത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജുവാണ് ഇക്കാര്യം കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചത്. ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

ഇലക്ഷൻ കാലഘട്ടങ്ങളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വേണ്ടി ഇലക്ഷൻ തന്ത്രങ്ങൾ രൂപപ്പെടുത്താൻ നിയോഗിക്കപ്പെടാറുള്ള കൺസൾട്ടൻസിയാണ് ഐ-പാക്. ജനുവരി എട്ടിനായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ റെയ്ഡ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ മമത ബാനർജിയും സംഘവും നേരിട്ട് സ്ഥലത്തെത്തത്തി രേഖകൾ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ രാജു കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഇ ഡിക്ക് ഒരു രേഖയും പിടിച്ചെടുക്കാൻ സാധിച്ചില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ രാജു വ്യക്തമാക്കി.

കൽക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ്. ഒരു സ്വകാര്യ വ്യക്തിയുടെ വസതിയും സ്ഥാപനവും റെയ്ഡ് ചെയ്യുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടി എന്തിന് അവിടെ എത്തി എന്ന ചോദ്യമാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്. തങ്ങൾ ഡാറ്റ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ മമത ബാനർജിയും സംഘവും അതെല്ലാം തട്ടിയെടുത്തുവെന്നും ഇഡി ഹൈക്കോടതിയെ ധരിപ്പിച്ചു. മാത്രമല്ല പ്രതീക് ജെയിൻ അല്ല മറിച്ച്‌ തൃണമൂൽ കോൺഗ്രസാണ് ഹർജി നൽകിയതെന്നും ഇഡി ചൂണ്ടിക്കാട്ടി. പ്രസ്തുത രേഖകൾ മമതയുടെ കൈവശം ഇരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇഡി വ്യക്തമാക്കി.

എന്നാൽ ഇഡി ചെയ്തത് ഗുണ്ടായിസമാണ് എന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ്സിനുള്ളത്. ഇലക്ഷൻ അടുക്കുന്ന സമയമായതിനാൽ പാർട്ടിയുടെ തന്ത്രപ്രധാനമായ രേഖകൾ പിടിച്ചെടുക്കാനാണ് ഇഡി ശ്രമിച്ചത് എന്ന വാദമാണ് തൃണമൂൽ കോൺഗ്രസ്സിന് വേണ്ടി ഹാജരായ അഡ്വ.മേനക ഗുരുസ്വാമി ഉന്നയിച്ചു.

പാർട്ടിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും തങ്ങളുടെ രാഷ്ട്രീയ തന്ത്രജ്ഞന്റെ ഓഫീസ് ഇ ഡി മനഃപൂർവ്വം ലക്ഷ്യം വെക്കുകയായിരുന്നുവെന്നും അതുവഴി പാർട്ടിയെ ഭീഷണിപ്പെടുത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

എന്നാൽ, റെയ്ഡ് ചെയ്യപ്പെട്ട വ്യക്തിക്ക് പാർട്ടിയുമായി ഔദ്യോഗിക ബന്ധമില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. റെയ്ഡിൽ ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന ഇ.ഡിയുടെ പ്രസ്താവന കോടതി രേഖപ്പെടുത്തി. ഡാറ്റ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കുകയും ചെയ്തു.

വിഷയത്തിൽ ഇ ഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അതുകൊണ്ട് ഹൈക്കോടതിയിലെ നടപടികൾ മാറ്റിവെച്ചു. മമത ബാനർജിക്കെതിരായി ഇഡി സുപ്രീം കോടതിയിൽ നൽകിയ ഹർജി ജനുവരി 15ന് പരിഗണിച്ചേക്കും.

Content Highlight: The Enforcement Directorate has raised serious allegations against West Bengal Chief Minister Mamata Banerjee and the Trinamool Congress. The ED alleged that while they were conducting a raid at I-PAC Mamata Banerjee and her team arrived at the scene and seized all documents and information. 

To advertise here,contact us