ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പാകിസ്താൻ്റെ തോൽവിയാണെന്ന് തുറന്നടിച്ച് ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ. പാകിസ്താൻ്റെ പുതിയ ഭരണഘടന ഭേദഗതി ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താൻ നേരിട്ട പരാജയങ്ങളുടെ പ്രതിഫലനമാണെന്ന് അനിൽ ചൗഹാൻ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താൻ അവരുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 243 ൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണെന്ന് ചൗഹാൻ പറഞ്ഞു. മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ സ്ഥാനം മാറ്റി പകരം, പാകിസ്താൻ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് (സിഡിഎഫ്) എന്ന പദവി രൂപീകരിച്ചു. പുതിയ തസ്തിക സൃഷ്ടിക്കാൻ കരസേനാ മേധാവിക്ക് മാത്രമേ കഴിയൂ. അത് പാകിസ്താൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൗഹാൻ പറഞ്ഞു. കൂടാതെ ഒരു നാഷണൽ സ്ട്രാറ്റജി കമാൻഡും ആർമി റോക്കറ്റ് ഫോഴ്സ് കമാൻഡും പാകിസ്താൻ പുതുതായി രൂപീകരിച്ചു. തന്ത്രപരമായ കാഴ്ചപ്പാടുകളിൽ നിന്ന് നോക്കുമ്പോൾ അത് അവരുടെ കഴിവുകളെ ശക്തിപ്പെടുത്തിയേക്കാമെന്നാണ് വിലയിരുത്തൽ. അടിസ്ഥാനപരമായി ശക്തി കേന്ദ്രീകരിക്കുക എന്നതാണ് പുതിയ സംഘടനകൾ സൃഷ്ടിക്കുന്നതിലൂടെ പാകിസ്താൻ ലക്ഷ്യമിടുന്നതെന്നും ചൗഹാൻ ചൂണ്ടിക്കാട്ടി.
പാകിസ്താൻ്റെ സൈനിക സംവിധാനത്തിലെ ഗുരുതരമായ പ്രശ്നങ്ങളും കുറവുകളും ഓപ്പറേഷൻ സിന്ദൂർ തുറന്നുകാട്ടിയെന്നും ചൗഹാൻ ചൂണ്ടിക്കാട്ടി. ഇതിൻ്റെ പ്രതിഫലനമാണ് ഇപ്പോൾ പാകിസ്താനിൽ നടന്നക്കുന്ന ഭരണഘടന ഭേദഗതി. ഓപ്പറേഷൻ സിന്ദൂർ, ഉറി സർജിക്കൽ സ്ട്രൈക്കുകൾ, ഡോക്ലാം, ഗാൽവാൻ സംഘർഷങ്ങൾ, ബാലകോട്ട് വ്യോമാക്രമണം എന്നിവയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇന്ത്യൻ സൈന്യം കൂടുതൽ മികവ് കാട്ടുമെന്നും അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു.
Content Highlight: Operation Sindoor has been described as a major setback for Pakistan, with political repercussions now coming to the forefront. Reports suggest that the Pakistani leadership is preparing to move forward with a constitutional amendment in the aftermath of the operation’s failure.