തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൗസം നൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാള്‍ഡ ജില്ലയില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് മൗസം നൂര്‍.

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബംഗാളില്‍ കോണ്‍ഗ്രസിന് വലിയ ആവേശം സമ്മാനിച്ച് തൃണമൂല്‍ കോണ്‍ഗ്രസ രാജ്യസഭ എംപി മൗസം നൂര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ജയ്‌റാം രമേശ്, ഗുലാം അഹ്‌മദ് മിര്‍, പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മൗസം നൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൗസം നൂറിന്റെ അര്‍ധ സഹോദരനും ദക്ഷിണ മാള്‍ഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭാ എംപിയുമായിരുന്ന ഇഷാ ഖാന്‍ ചൗധരിയും ചടങ്ങിനുണ്ടായിരുന്നു.

ബംഗാളിന് മാറ്റം ആവശ്യമാണെന്ന് മൗസം നൂര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ച മൗസം നൂര്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും പറഞ്ഞു.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ ബി എ ഹനിഖാന്‍ ചൗധരിയുടെ കുടുംബത്തില്‍ നിന്നാണ് മൗസം നൂറിന്റെ വരവ്. 2009 മുതല്‍ 2019വരെ മാള്‍ഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ എംപിയായിരുന്നു മൗസം നൂര്‍. ഏഴ് വര്‍ഷം മുമ്പാണ് മൗസം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

'ബര്‍ക്കത്ത് സാഹിബി'ന്റെ കുടുംബത്തില്‍ നിന്നുള്ള ഒരംഗമാണ് ഞാന്‍. അദ്ദേഹത്തിന്റെ പാരമ്പര്യമാണ് ഞാന്‍ പിന്തുടരുന്നത്. കുടുംബത്തില്‍ ഒരാലോചന നടക്കുകയും കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയുമായിരുന്നു', മൗസം നൂര്‍ പറഞ്ഞു.

മാള്‍ഡ ജില്ലയില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് മൗസം നൂര്‍. മൗസം നൂറിന്റെ മടങ്ങിവരവ് നിയമസഭ തെരഞ്ഞെടുപ്പില്‍ മാള്‍ഡ ജില്ലയില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Content Highlights: Trinamool Congress MP Mausam Noor has joined the Congress party

To advertise here,contact us