'ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; ഇവിടെ ജീവിക്കാന്‍ അര്‍ഹതയില്ല'; ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് പിന്നാലെ ബിജെപി

ഐപിഎൽ ടീമിൽ ബംഗ്ലാദേശ് താരത്തെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഭീഷണി

ലക്‌നൗ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ഉത്തർ പ്രദേശ് ബിജെപി നേതാവ് സംഗീത് സോം. ഷാരൂഖ് ഖാൻ രാജ്യദ്രോഹിയാണെന്നും ഈ രാജ്യത്ത് ജീവിക്കാൻ അർഹതയില്ലാത്തയാളാണെന്നും സംഗീത് സോം വിമർശിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ബംഗ്ലാദേശ് താരത്തെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് സംഗീത് ഷാരൂഖിനെതിരെ രംഗത്തെത്തിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ ഷാരുഖ് ഖാൻ ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഗീത് സോമിന്റെ ഭീഷണി. നമ്മുടെ സഹോദരിമാർ ബംഗ്ലാദേശിൽ പീഡിപ്പിക്കപ്പെടുകയാണ്. ഹിന്ദുക്കൾ കൊല്ലപ്പെടുകയാണ്. അപ്പോഴാണ് ഷാരൂഖ് മുസ്തഫിസുറിനെ ടീമിലെടുക്കുന്നത്. ഈ രാജ്യത്തെ ജനങ്ങൾ കാരണമാണ് താൻ ഇങ്ങനെ ഉയരത്തിലെത്തിയത് എന്ന് ഷാരൂഖിനെ പോലുള്ള രാജ്യദ്രോഹികൾ ചിന്തിക്കണം എന്നായിരുന്നു സംഗീത് പറഞ്ഞത്.

ബംഗ്ലാദേശി താരങ്ങളെ ഇന്ത്യൻ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സംഗീത് ഭീഷണിപ്പെടുത്തി. ഷാരൂഖിന് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നും രാജ്യം വിടണമെന്നും സംഗീത് സോമൻ പറഞ്ഞു. പിന്നാലെ ഷാരൂഖിനെ വീണ്ടും രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ചു. രാജ്യദ്രോഹികൾക്ക് ഒരു ക്ഷാമവുമില്ലെന്നും അവർക്കെതിരെ നടപടിയെടുക്കാത്ത പക്ഷം അവർ രാജ്യത്തെ അപകീത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നത് തുടരുമെന്നും സംഗീത് പറഞ്ഞു.

Content Highlights: bjp leader call shahrukh khan a traitor and asks him to leave the country

To advertise here,contact us