ജയ്പൂർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ ബ്ലാക്ക് ആൻഡ് ഓറഞ്ച് ജാക്കറ്റ് മോഡൽ വിൽപന നടത്തിയ മൂന്ന് പേരെ രാജസ്ഥാൻ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ വൈറൽ ചിത്രത്തിലെ ജാക്കറ്റാണ് ഇവർ മോഡലാക്കി വിൽപന നടത്തിയത്. ഇതിന് വലിയ ജനപ്രീതിയാണ് യുവാക്കൾക്കിടയിൽ ലഭിച്ചത്.കോട്പുത്ലി - ബെഹ്റോർ പൊലീസാണ് പ്രാദേശിക മാർക്കറ്റില് തകൃതിയായി നടന്ന ജാക്കറ്റ് വിൽപന അവസാനിപ്പിച്ചത്. 38 കാരനായ ഗുഡാ ശർമ്മ, 31കാരനായ സഞ്ജയ് സൈനി, 50കാരനായ സുരേഷ്ചന്ദ് ശർമ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ് പി ദേവേന്ദ്ര ഗുപ്ത വ്യക്തമാക്കി.
കോട്പുത്ലി നഗരത്തിലെ സിറ്റി പ്ലാസയിലാണ് മൂവർ സംഘം ഗുണ്ടാത്തലവന്റെ പേരും പറഞ്ഞ് ജാക്കറ്റുകള് വിൽപന നടത്തിയത്. ക്രിമിനലുകളെയും ഗുണ്ടാത്തലവന്മാരെയും പ്രകീർത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തടയണമെന്ന നിർദേശം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ട്രെൻഡുകൾ അപകടകരമാണെന്നും ഇത് ഗുണ്ടാത്തലവന്മാരെ മാതൃകയാക്കി യുവാക്കള്ക്കിടയില് ഗ്യാങ് സംസ്കാരം ഉണ്ടാക്കിയെടുക്കാൻ കാരണമാകുമെന്നും പൊലീസ് വിശദീകരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ ഇത്തരമൊരു ട്രെൻഡ് രൂപപ്പെട്ടപ്പോൾ പൊലീസ് ഇടപെടൽ നടത്തിയിരുന്നു. ഇത്തരം വഴികൾ ഉപയോഗിച്ചാണ് ക്രിമിനൽ സംഘങ്ങൾ യുവാക്കളിൽ സ്വാധീനം ചെലുത്തുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സംഘാംഗങ്ങള്ക്കായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
മുമ്പ് ദാവൂദ് ഇബ്രാഹിം, ബിഷ്ണോയി എന്നിവരുടെ ചിത്രങ്ങൾ അടങ്ങിയ ടീ ഷർട്ടുകൾ വിൽപനയ്ക്ക് വച്ചതിനെ തുടർന്ന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്പ്കാർട്ട്, അലിഎക്സ്പ്രസ്, ടീഷോപ്പർ, ഇറ്റ്സി എന്നിവ പ്രതിരോധത്തിലായിരുന്നു. ഇതോടെ സൈറ്റിൽ നിന്നും പ്ലാറ്റ്ഫോമുകള് ഇവ നീക്കം ചെയ്തിരുന്നു.
നിലവിൽ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സബർമതി സെൻട്രൽ ജയിലിലാണ് ലോറൻസ് ബിഷ്ണോയി. പഞ്ചാബ് ഗായകൻ സിദ്ധൂ മൂസാവാല, മുംബൈയിലെ രാഷ്ട്രീയ നേതാവ് ബാബാ സിദ്ധിഖി എന്നിവരുടെ കൊലപാതകം, സൽമാൻ ഖാനെതിരെയുള്ള ഭീഷണി എന്നീ സംഭവങ്ങളുമായി ബന്ധമുള്ള സംഘത്തിൻ്റെ തലവനാണ് ബിഷ്ണോയി.
Content Highlights: Three people arrested for selling T shirts with Lawrence Bishnoi's style jacket