ബിഹാറിൽ തകർന്ന് ലാലു കുടുംബം; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജ് പ്രതാപിന്റെ ജെജെഡി, രോഹിണിക്കും ക്ഷണം

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു കുടുംബത്തിനുള്ളില്‍ അതൃപ്തി പുകയുകയാണ്

പാട്‌ന: ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപിന്റെ പാര്‍ട്ടി ജനശക്തി ജനതാ ദള്‍ (ജെജെഡി) എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ആര്‍ജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെയും തേജ് പ്രതാപ് തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം.

പാര്‍ട്ടിയുടെ ദേശീയ രക്ഷാധികാരിയായി ചുമതലയേല്‍ക്കാന്‍ രോഹിണിയോട് അഭ്യര്‍ത്ഥിക്കുമെന്ന് തേജ് പ്രതാപ് പാര്‍ട്ടി യോഗത്തില്‍ പറഞ്ഞതായി ജന്‍ശക്തി ജനതാ ദള്‍ ദേശീയ വക്താവ് പ്രേം യാദവ് പറഞ്ഞു. ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 44 സീറ്റിലാണ് ജെജെഡി മത്സരിച്ചത്. എന്നാല്‍ അക്കൗണ്ട് പോലും തുറക്കാനാകാതെ പാര്‍ട്ടി തോല്‍ക്കുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു കുടുംബത്തിനുള്ളില്‍ അതൃപ്തി പുകയുകയാണ്. രോഹിണിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെയും രാബ്രി ദേവിയുടെയും മൂന്ന് പെണ്‍മക്കളും വീട് വിട്ടിറങ്ങി. രാജ്ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പട്നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താന്‍ ആര്‍ജെഡി വിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നുമായിരുന്നു രോഹിണി ആചാര്യ പറഞ്ഞത്. ഇതാണ് കുടുംബ പ്രശ്നങ്ങള്‍ വഷളാക്കിയത്. ഇതോടെ മറ്റു മക്കള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പിലെ ആര്‍ജെഡിയുടെ തോല്‍വിക്ക് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടി വിടുന്നതായി രോഹിണി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ പിതാവിന് വൃക്ക നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചുവെന്നും രോഹിണി പറഞ്ഞിരുന്നു.

Content Highlights: Tej Pratap s party JJD announce support to NDA

To advertise here,contact us