ബെംഗളൂരു: കര്ണാടകയില് കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളില് രണ്ട് കൊച്ചുകുട്ടികളുമായി കഴിഞ്ഞിരുന്ന റഷ്യന് വനിതയെ കണ്ടെത്തി പൊലീസ്. കര്ണാടക ഗോകര്ണത്തിലെ രാമതീര്ത്ഥ മലയ്ക്ക് മുകളിലെ ഗുഹയിലാണ് യുവതി രണ്ട് പെണ്കുഞ്ഞുങ്ങളുമായി കഴിഞ്ഞിരുന്നത്. പട്രോളിംഗിനിടയിലാണ് ഗോകര്ണ പൊലീസിന്റെ ശ്രദ്ധയില് ഇവര് പെടുന്നത്. ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ച് മണിയോടെ പൊലീസ് ഇന്സ്പെക്ടറായ ശ്രീധര് എസ്ആറും സംഘവും വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായാണ് പട്രോളിംഗിന് ഇറങ്ങിയത്. ജൂലൈ ഒന്പതിനാണ് ഇൌ യുവതിയെ പൊലീസ് കണ്ടെത്തിയത്.
വനത്തിലൂടെ നടക്കുന്നതിനിടയിലാണ് മണ്ണിടിച്ചിലിനും ഉരുള്പ്പൊട്ടലിനും സാധ്യതയുള്ളയിടത്ത് ചില ശബ്ദങ്ങള് കേട്ടത്. തുടര്ന്ന് നടത്തിയ പരിശോധനയില് 40കാരിയായ നിനാ കുതിന, മക്കളായ ആറുവയസുകാരി പ്രേമ, നാലു വയസുകാരി അമ എന്നിവരെ കണ്ടെത്തിയത്.
ഗോവയില് നിന്നും ഗോകര്ണത്തെത്തിയ തനിക്ക് ആത്മീയമായ ഏകാന്തത വേണമെന്ന തോന്നലിലാണ് ഗുഹയില് താമസിക്കാന് തീരുമാനിച്ചതെന്നാണ് യുവതി ചോദ്യം ചെയ്യലില് പറഞ്ഞത്. നഗരജീവിതത്തില് നിന്നും മാറി സ്വസ്ഥമായ ധ്യാനവും പ്രാര്ഥനയും ചെയ്യാനാണ് വനത്തിലെത്തിയതെന്നും ഇവര് പറഞ്ഞു. എന്നാല് കുട്ടികളുടെ സുരക്ഷ മുന്നിര്ത്തി യുവതിയെ കാര്യങ്ങള് പറഞ്ഞ് ധരിപ്പിച്ചാണ് പൊലീസ് ഇവരെ പ്രദേശത്ത് നിന്നും മാറ്റിയത്.
കഴിഞ്ഞ ജൂലൈയില് ഇവിടെ വലിയ രീതിയില് ഉരുള്പ്പൊട്ടിയിരുന്നു. മാത്രമല്ല അപകടകാരികളായ മൃഗങ്ങളും വിഷപ്പാമ്പുകളും നിറഞ്ഞിടമാണിവിടം. യുവതിയുടെ ആവശ്യപ്രകാരം ഇവരെ ഒരു ആശ്രമത്തിലേക്ക് മാറ്റി പാര്പ്പിച്ചിരുന്നു. കൂടുതല് അന്വേഷണത്തില് ഏപ്രില് 17, 2017വരെയുള്ള ബിസിനസ് വിസയില് ഇന്ത്യയിലെത്തിയ ഇവര് പിന്നീട് നേപ്പാളിലേക്ക് കടക്കുകയും അവിടെ നിന്ന് 2018 സെപ്തംബറില് വീണ്ടും ഇന്ത്യന് അതിര്ത്തി കടക്കുകയുമായിരുന്നു. വിസ ലംഘനം വ്യക്തമായതോടെ ഇവരെ നിലവില് വനിത ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കേന്ദ്രത്തിലാണ് പാര്പ്പിച്ചിരിക്കുന്നത്. ഇവരെ തിരിച്ചയ്ക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ്.
Content highlights: Russian Woman with two children found living in a cave in Karnataka