ന്യൂഡല്ഹി: തുര്ക്കിയിലെ 'കോണ്ഗ്രസ് സെന്റര് കണ്വെന്ഷന്' ഹാള് കോണ്ഗ്രസ് പാര്ട്ടിയുടെ ഓഫീസാണെന്ന രീതിയില് തെറ്റായി പ്രചാരണം നടത്തിയ ബിജെപി ഐ ടി സെല് തലവന് അമിത് മാളവ്യക്കും റിപ്പബ്ലിക് ടിവി മാനേജിങ് എഡിറ്റര് അര്ണബ് ഗോസ്വാമിക്കുമെതിരെ കേസ്. ബെംഗളൂരു ബൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് ഇരുവര്ക്കുമെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തതത്. അമിത് മാളവ്യയാണ് കേസില് ഒന്നാം പ്രതി. ഭാരതീയ ന്യായ സംഹിതയിലെ 192, 352 വകുപ്പുകള് പ്രകാരമാണ് അമിത് മാളവ്യയ്ക്കും അര്ണബിനുമെതിരെ കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
കോണ്ഗ്രസ് യുവജന വിഭാഗം ലീഗല് സെല് തലവന് ശ്രീകാന്ത് സ്വരൂപ് ആണ് പരാതിക്കാരന്. രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ സ്ഥാപനത്തെ അപകീര്ത്തിപ്പെടുത്തുക, തെറ്റായ വിവരം പങ്കുവെച്ച് പൊതുജനങ്ങളെ വഞ്ചിക്കുക, ദേശീയ വികാരങ്ങൾ കൈകാര്യം ചെയ്യുക, അശാന്തിക്ക് ജനങ്ങളെ പ്രേരിപ്പിക്കുക, ദേശീയ സുരക്ഷയേയും ജനാധിപത്യത്തേയും ദുർബലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ തെറ്റായ വിവരം പങ്കുവെച്ചു എന്നാണ് ശ്രീകാന്ത് സ്വരൂപ് പരാതിയില് ഉന്നയിച്ചിരിക്കുന്നത്. ഇരുവര്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നു.
ദിവസങ്ങള്ക്ക് മുന്പായിരുന്നു കോണ്ഗ്രസിനെതിരെ അര്ണബ് ഗോസ്വാമി തെറ്റായ വിവരം പങ്കുവെച്ചത്. കോണ്ഗ്രസ് പാര്ട്ടിക്ക് തുര്ക്കിയില് രജിസ്റ്റര് ചെയ്ത ഓഫീസ് ഉണ്ടെന്ന് പ്രേക്ഷകര്ക്ക് അറിയാമോ എന്നായിരുന്നു ഒരു പ്രക്ഷേപണത്തിൽ അര്ണബിന്റെ ചോദ്യം. തുര്ക്കിയില് കോണ്ഗ്രസിന് എന്ത് തരത്തിലുള്ള ബിസിനസ്സാണ് ഉള്ളതെന്നും അര്ണബ് ചോദിച്ചിരുന്നു. അര്ണബിന്റെ വീഡിയോ അമിത് മാളവ്യ എക്സില് പങ്കുവെച്ചു. കോണ്ഗ്രസ് പാര്ട്ടിക്ക് തുര്ക്കിയില് ഓഫീസുള്ള കാര്യം അറിയുമോ എന്നായിരുന്നു അമിത് വീഡിയോ പങ്കുവെച്ച് ചോദിച്ചത്. ഇതിന്റെ ആവശ്യമെന്താണെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി എം പി വിശദീകരിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടിരുന്നു. അമിത് മാളവ്യ പങ്കുവെച്ച അര്ണബിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു. ഇതിന് പിന്നാലെ അര്ണബ് പങ്കുവെച്ച വിവരം തെറ്റാണെന്ന് വ്യക്തമാക്കി പ്രമുഖ വസ്തുതാന്വേഷണ പരിശോധകനായ മുഹമ്മദ് സുബൈര് രംഗത്തെത്തി.
തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചതിന് സമൂഹ മാധ്യമങ്ങള് വഴി വിമര്ശനം നേരിട്ടതിന് പിന്നാലെ ക്ഷമ ചോദിച്ച് റിപ്പബ്ലിക് ടിവി രംഗത്തെത്തിയിരുന്നു. തുര്ക്കിയിലെ കോണ്ഗ്രസ് പാര്ട്ടിയുടെ ഓഫീസ് എന്ന രീതിയില് നല്കിയ ചിത്രം ഡിജിറ്റല് ഡെസ്കിലെ വീഡിയോ എഡിറ്റര് അബദ്ധവശാല് നല്കിയതാണെന്നും അതിന് പിന്നില് ടെക്സിക്കല് പിഴവാണെന്നുമായിരുന്നു റിപ്പബ്ലിക് ടിവിയുടെ വിശദീകരണം.
Content Highlights- Fir filed against amit malavya and arnab after they share fake information