'കശ്മീരിൽ ബോംബിട്ട് കൊണ്ടിരിക്കുമ്പോൾ സമാധാന ചർച്ച സാധ്യമല്ല, മലയാളികൾ ഭാഗ്യവാന്മാർ'; ഒമർ അബ്ദുള്ള

പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്ന് പാക് പ്രധാനമന്ത്രിയോട് ഒമര്‍ അബ്ദുള്ള

ശ്രീനഗർ: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. 'അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും', അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

Content Highlights: Jammu Kashmir CM Omar Abdulla exclusive interview on Reporter

To advertise here,contact us