ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് രണ്ടു വയസുള്ള മകനെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തി; യുവതി അറസ്റ്റിൽ

ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഫരീദാബാദ്: ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് രണ്ടു വയസുള്ള മകനെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ പോകുന്ന ഇരുണ്ട ശക്തി കുട്ടിയെ ബാധിച്ചിരിക്കുന്നുവെന്ന് വിശ്വസിപ്പിച്ചാണ് മന്ത്രവാദിനി യുവതിയെ കൊണ്ട് ക്രൂര കൊലപാതകം ചെയ്യിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുർമന്ത്രവാദിനി മിത ഭാട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ ഭർത്താവ് കപിൽ ലുക്‌റയുടെ പരാതിയിലാണ് അറസ്റ്റ്.

ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മകനുമായി പുറത്തിറങ്ങിയ മേഘ കനാലിനു സമീപം എത്തിയപ്പോൾ കുട്ടിയെ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ ഭാര്യയ്ക്ക് ദുർമന്ത്രവാദിനിയായ മിത ഭാട്ടിയയുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്നും മകൻ ജനിച്ചതോടെ ഇവരുടെ ബന്ധം കൂടുതൽ ദൃഢമായെന്നും ഭർത്താവിൻ്റെ പരാതിയിൽ പറയുന്നു.

തിങ്കളാഴ്ചയാണ് മേഘയെയും മീതയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഫരീദാബാദ് കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വീട്ടുവെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം പിതാവിന് കൈമാറിയെന്നും പൊലീസ് അറിയിച്ചു.

Content Highlight: Faridabad Mother throws son in canal on occult advice, arrested

To advertise here,contact us