കുടിശ്ശിക കോടികൾ; ഊട്ടി കുതിരപ്പന്തയത്തിന് 'കടിഞ്ഞാൺ'

1978-ല് സര്ക്കാര് 52.34 ഏക്കര് ഭൂമി ക്ലബ്ബിന് പാട്ടത്തിന് കൊടുക്കുകയായിരുന്നു

ചെന്നൈ: ലോകപ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയം ഓർമ്മയാകുന്നു. പാട്ടത്തുകയിലെ കുടിശ്ശിക നല്കാത്തതിനാല് കഴിഞ്ഞദിവസം റവന്യു വകുപ്പ് പന്തയമൈതാനം പിടിച്ചെടുത്ത് മുദ്രവെച്ചിരുന്നു. ഊട്ടിയില് കുതിരപ്പന്തയം നടത്തിയിരുന്നത് മദ്രാസ് റേസ് ക്ലബ്ബാണ്. 1978-ല് സര്ക്കാര് 52.34 ഏക്കര് ഭൂമി ക്ലബ്ബിന് പാട്ടത്തിന് കൊടുക്കുകയായിരുന്നു. 1986 മുതല് പാട്ടത്തുക കുടിശ്ശികയായി. 2001-ല് സര്ക്കാര് നോട്ടീസ് അയച്ചെങ്കിലും ക്ലബ്ബ് കാര്യമാക്കിയില്ല. തുടര്ന്ന് പ്രശ്നം കോടതിയിലെത്തി.

അതിനിടെ കുടിശ്ശിക 822 കോടി രൂപയായി ഉയര്ന്നു. സ്ഥലം പിടിച്ചെടുക്കാനും പൊതു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയും കനത്ത പൊലീസ് സുരക്ഷയില് ആര്ഡിഒ മഹാരാജിന്റെ നേതൃത്വത്തില് റവന്യു വകുപ്പ് അധികൃതര് മൈതാനത്തെത്തി നോട്ടീസ് പതിക്കുകയും മുദ്രവെക്കുകയുമായിരുന്നു. 1846-ല് ബ്രിട്ടീഷുകാരാണ് ഊട്ടിയില് കുതിരപ്പന്തയം ആരംഭിച്ചത്.

To advertise here,contact us