തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ കടന്നാക്രമിച്ച് ആര്‍എസ്പി. മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ മന്ത്രിസഭയില്‍ ഉള്ളതുകൊണ്ട് അവിടെ ചര്ച്ചയുണ്ടെന്ന വാദം നേതൃത്വം അംഗീകരിക്കുന്നില്ല. നയപരമായ കാര്യങ്ങള്‍ യോഗത്തിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് എ എ അസീസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാബിനറ്റ് എടുക്കുന്ന തീരുമാനം മുന്നണി തീരുമാനമാവില്ല. മന്ത്രിമാര്‍ തമ്മിലുള്ള സൗഹാര്‍ദ്ദ സംഭാഷണമായേ അതിനെ കണക്കാക്കാനാവൂ. പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം എന്നത് യുഡിഎഫ് ആണെന്നാണ് അസീസ് ചൂണ്ടിക്കാട്ടുന്നത്.
ക്യാബിനറ്റ് റാങ്ക് എല്ലാവര്ക്കു കൊടുക്കുന്നതില്‍ യോജിപ്പില്ല. എന്നാല്‍ കൊടുക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് അത് ആര്‍എസ്പിക്ക് കൂടി അവകാശപ്പെട്ടതാണ്. ബോര്‍ഡ് കോര്‍പ്പറേഷനുകള്‍ വൈകാതെ തന്നെ പുനസംഘടിപ്പിക്കണം. ഇന്ന് തന്നെ ആവശ്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും അസീസ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിലയിരുത്തേണ്ടത് നിങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിവാദങ്ങള്‍ക്കിടെ നിര്‍ണായക മന്ത്രിസഭാ യോഗം നളെ ചേരുന്നുണ്ട്. മന്ത്രിസഭാ യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ന്നതിലെ അതൃപ്തിയും മുഖ്യമന്ത്രി നാളെ യോഗത്തില്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്നലെ എന്‍ കെ പ്രേമചന്ദ്രന് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന ആര്‍എസ്പി നേതാവ് എ എ പസീസിന്റെ പ്രതികരണം കൂടി പുറത്ത് വരുന്നത്. എഴുപത് വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ഉള്ള ആളാണ് താന്‍ എന്നും അതിനാല്‍ ക്യാബിനറ്റ് പദവി ലഭിക്കാന്‍ അര്ഹാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അതിനപ്പുറം യുഡിഎഫില്‍ മുഖ്യമന്ത്രി, ചര്‍ച്ച നടത്തുന്നില്ല എന്ന വിമര്‍ശനത്തിന് സതീശന് ഉയര്‍ത്തിയ പ്രതിരോധത്തെക്കൂടി പാടെ തള്ളുന്ന നിലപാടാണ് അസീസ് സ്വീകരിച്ചത്. കാബിനറ്റില്‍ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണും മോന്‍സ് ജോസഫും അടക്കമുള്ള നേതാക്കള്‍ ഉണ്ടെന്നും അതിനാല്‍ യുഡിഎഫിന്റെ പരിശ്ചേതമാണ് മന്ത്രിസഭ എന്നുമായിരുന്നു വി ഡി സതീശന് പറഞ്ഞിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് അത് മനന്ത്രിമാര് തമ്മിലുള്ള സൗഹൃദ സംഭാഷണമായി മാത്രമേ കാണാന്‍ കഴിയൂ എന്നും യുഡിഎഫാണ് പൊളിറ്റിക്കല്‍ പ്ലാറ്റഫോം എന്നും എ എ അസീസ് ചൂണ്ടിക്കാട്ടുന്നത്. നയപരമായ തീരുമാനം എടുത്തതിന് ശേഷം അത് നടപ്പിലാക്കാനുള്ള ബോഡിയാണ് മന്ത്രിസഭ എന്നാണ് ആര്‍എസ്പിയുടെ നിലപാട്. കൂടാതെ സര്‍ക്കാരിന്റെ ആറ് മാസത്തെ പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് ഇന്നലെ എന്‍ കെ പ്രേമചന്ദ്രന് പറയുമ്പോഴും അത്തരത്തില്‍ ഒരു പ്രതികരണം എ എ അസീസില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതും പ്രധാനാമാണ്.
ആറ് മാസം പൂര്‍ത്തിയായ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായത് വലിയ വിവാദമായിരുന്നു. കൂടിയാലോചന ഇല്ലാതെയാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ ചെയ്യുന്നതെന്ന് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിഎസ്സി അംഗങ്ങളുടെ പട്ടികയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനവും വലിയ തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അതിന് പിന്നാലെ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഏറെ നിര്‍ണായകമാണ്. മന്ത്രിമാര്‍ വിമര്‍ശനം തുടരുമോ എന്നതിലും മുഖ്യമന്ത്രി അതൃപ്തി പ്രകടമാക്കുമോ എന്നതിലുമാണ് ആകാംക്ഷ.
Content Highlights: RSP has criticised Chief Minister VD Satheesan, rejecting the argument that the presence of senior UDF leaders in the cabinet ensures discussions on coalition matters. A A Aziz said policy issues should be discussed at formal meetings and that cabinet decisions cannot be treated as decisions of the UDF. He described conversations among ministers as cordial exchanges, insisting that the UDF remains the proper political platform for coalition discussions and decision-making.