കണ്ണൂര്‍: ധനരാജ് വധക്കേസിലെ കോടതി വിധിയില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. വിധിയില്‍ സിപിഐഎമ്മിനുള്ള താത്പര്യം വ്യക്തമാണെന്നും, പ്രോസിക്യൂഷന് പരാജയപ്പെട്ടതും തെളിവുകള്‍ ഹാജരാക്കാത്തതും സാക്ഷികള്‍ മൊഴിമാറ്റിയതും ഒന്നും യാദൃശ്ചികമല്ലെന്നും അദ്ദേഹം ആരോപിച്ചു.
'വിധിയില്‍ സിപിഐഎമ്മിനുള്ള താത്പര്യം വ്യക്തമായി. പ്രോസിക്യൂഷന് പരാജയപ്പെട്ടതും തെളിവുകള്‍ ഹാജരാക്കാത്തതും സാക്ഷികളുടെ മൊഴിമാറ്റവും യാദൃശ്ചികമല്ല. ഏതു തരത്തിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ് എന്ന് സിപിഐഎം വ്യക്തമാക്കണം. ധനരാജിന്റെ രക്തസാക്ഷി ഫണ്ട് പിരിവെടുക്കാന്‍ കാട്ടിയ താത്പര്യം ഈ കേസിന്റെ നടത്തിപ്പില്‍ സിപിഐഎം കാണിച്ചില്ല. അതുകൊണ്ട് ഇത് ഏതുതരത്തിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ് എന്ന് സിപിഎമ്മിന്റെ ഉള്ളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതായിട്ടുണ്ട്.
കോടതിയില്‍ കേസ് നടത്തുന്നതില്‍ സിപിഐഎം എത്രമാത്രം താല്പര്യം എടുത്തു എന്ന് മനസ്സിലാകുന്നില്ല. പ്രോസിക്യൂഷന് അവിടെ പരാജയപ്പെട്ടു. കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ വേണ്ടി സാധിച്ചിട്ടില്ല. വന്ന തെളിവുകളില്‍ തന്നെ അങ്ങോട്ടും ഇങ്ങോട്ടും വ്യത്യാസം ഉണ്ടായിരുന്നു,' ഡിസിസി പ്രസിഡന്റ് പറഞ്ഞു.
2016-ല്‍ കൊലപാതകം നടക്കുന്ന സമയത്ത് എല്‍ഡിഎഫ് ഭരണവും പൊലീസും ആഭ്യന്തര വകുപ്പും സിപിഐഎമ്മിന്റെ കൈകളിലായിരുന്നു. അത്തരം ഒരു ഘട്ടത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും കേസ് അന്വേഷണത്തിലും പോരായ്മകള്‍ സംഭവിച്ചത് ബോധപൂര്‍വമാണോ എന്ന സംശയം മാര്ട്ടിന് ജോര്‍ജ് ഉന്നയിച്ചു. ഫണ്ട് പിരിക്കാനും അത് കൈകാര്യം ചെയ്യാനും കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും കേസ് നടത്തുന്നതില്‍ കാണിക്കേണ്ടിയിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധനരാജ് വധക്കേസിലെ വിധി പയ്യന്നൂരിലെ സിപിഐഎമ്മിനുള്ളില്‍ വലിയ സംഘടനാ പ്രതിസന്ധിക്കും പൊട്ടിത്തറിക്കും വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സിപിഎമ്മില്‍ നേരത്തെ തന്നെ വലിയ രീതിയിലുള്ള ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും വി കുഞ്ഞികൃഷ്ണനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിന്നിരുന്നു.
ഇതിനിടെ, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വിധിയെ സിപിഐഎമ്മിനെതിരായ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പി ജയരാജനും ടി വി രാജേഷിനും പങ്കില്ലെന്ന വിധി ചൂണ്ടിക്കാണിച്ചാണ് ലീഗ് നേതാക്കള്‍ ഈ വിധിയെ താരതമ്യം ചെയ്യുന്നത്.
വിധിയോട് സിപിഐഎം നേതാക്കള്‍ ആരും തന്നെ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'അങ്ങനെ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പറയാന്‍ താന്‍ ആളല്ല' എന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമാണ് പ്രോസിക്യൂഷന് അഭിഭാഷകന് നടത്തിയത്.
Content highlight: Kannur DCC president Martin George has accused the CPI(M) of failing to properly pursue the Dhanaraj murder case, alleging that the prosecution's failure, lack of evidence and witnesses turning hostile were not accidental. He questioned what kind of political adjustment took place and criticised the party for showing more enthusiasm in collecting and managing the Dhanaraj martyr fund than in ensuring justice through the trial. The verdict has also triggered fresh political criticism from the Congress and Muslim League, while raising questions about internal disputes within the Payyannur CPI(M).