തിരുവനന്തപുരം: ക്യാബിനറ്റ് പദവി കൂട്ടുന്നതില്‍ എതിര്‍പ്പുണ്ടെന്നും എണ്ണം കൂട്ടാനാണ് തീരുമാനമെങ്കില്‍ എ എ അസീസിന് കാബിനറ്റ് പദവി നല്‍കണമെന്നും ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്. മന്ത്രിസഭയിലെ തര്‍ക്കം ഗുണകരമല്ല. യുഡിഎഫ് യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. അധികാരത്തില്‍ വന്നത് ടീം യുഡിഎഫ് ആണ്. ആ നേട്ടം നിലനിര്‍ത്താനാവണം. നയപരമായ കാര്യങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും വേണം. ബോര്‍ഡ്- കോര്പറേഷന് വിഭജനം നടക്കുന്നില്ല. അതിനാല്‍ പല ബോര്‍ഡുകളിലും പ്രതിസന്ധിയാണ്. ഈ മാസം തന്നെ വിഭജനം പൂര്‍ത്തിയാക്കണം. യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കും. മികച്ച പരിഗണന ആര്‍എസ്പിക്ക് വേണം. നാല് എംഎല്‍എമാരുണ്ടെങ്കിലും ഒരു കാബിനറ്റ് പദവിയെ ആര്എസ്പിക്കുള്ളൂവെന്നും എന്‍ കെ പ്രേമചന്ദ്രന് പ്രതികരിച്ചു.
മുന്നണി യോഗങ്ങള്‍ നടത്തുന്നില്ല. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതു പോലെയാണ് തോന്നിക്കുന്നത്. ഓരോ കക്ഷിക്കും ക്യാബിനറ്റ് പദവി നല്കുന്നതില് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി. നേരത്തെ ഷിബു ബേബി ജോണും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ബോര്‍ഡ് കോര്പറേഷന് ചര്‍ച്ചകളില്‍ ആര്‍എസ്പിയെ ഉള്പ്പെടുത്തുന്നില്ലെന്നതായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രി വി ഡി സതീശന് മുസ്ലിം ലീഗിന് വലിയ പരിഗണന നല്‍കുന്നതായി നേരത്തെ എഎ അസീസും തുറന്നടിച്ചിരുന്നു.
Content Highlights: RSP leader N K Premachandran demands cabinet rank for A A Aziz if cabinet positions are increased, calling for a UDF meeting to address alliance concerns and pending board-corporation appointments