മലപ്പുറം: ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചതില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പെണ്‍കുട്ടി. ഫെയര്‍നെസ് ക്രീമിന്റെ സാമ്പിള്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. എഫ് ട്യൂണ്‍ എന്ന ക്രീമില്‍ നിന്നാണ് വൃക്ക രോഗം ഉണ്ടായതെന്നും കേസുമായി കണ്‍സ്യുമര്‍ കോടതിയിലേക്ക് പോകുമെന്നും പെണ്‍കുട്ടി പറഞ്ഞു.
'എഫ് ട്യൂണ്‍ എന്ന ക്രീം ഇപ്പോള്‍ യൂസ് ചെയ്യുന്നവരുണ്ടെങ്കില്‍ നിര്‍ത്തണം. വിഷയത്തില്‍ എനിക്കെതിരെ കമന്റിട്ട് വേദനിപ്പിക്കുന്നവരുണ്ട്. എന്തായാലും ഞാന്‍ അകപ്പെട്ടു, മറ്റുള്ളവര്‍ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതിയത്. ഞാന്‍ പഠിക്കുന്ന ക്ലാസിവെ നിരവധി കുട്ടികള്‍ ഈ ക്രീം ഉപയോഗിക്കുന്നുണ്ട്.
പ്രോട്ടീന്‍ മൂത്രത്തിലൂടെ പോകാന്‍ തുടങ്ങിയപ്പോഴാണ് വിഷയം ഗൗരവത്തില്‍ കാണാന്‍ തുടങ്ങിയത്. ഇത് ഉപയോഗിക്കുന്ന പലരും ക്ഷീണം നേരിടുന്നു എന്നാണ് പറയുന്നത്. നിലവില്‍ ആരോഗ്യപ്രശ്നം ഉള്ളവര്‍ വീട്ടില്‍ പറയുക. ആദ്യഘട്ടം ആയതുകൊണ്ടാണ് തനിക്ക് ഈ അവസ്ഥയില്‍ എങ്കിലും രക്ഷപ്പെടാനായത്. സ്കിന്‍ ഇതിനകം തന്നെ ഡാമേജ് ആയിട്ടുണ്ട്. ഇനി നല്ല ചികിത്സാ വേണം അത് തിരിച്ചുപിടിക്കാന്‍'; പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു.
ഇന്നലെയാണ് തുടര്‍ച്ചയായ ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി ഉയര്‍ന്നത്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേത് ആയിരുന്നു കണ്ടെത്തല്‍. വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും ശരീരത്തിലെ പ്രോട്ടീന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെണ്‍കുട്ടിക്ക് ഉണ്ടായത്. ഓണ്‍ലൈനിലൂടെയാണ് പെണ്‍കുട്ടി ക്രീം വാങ്ങിയത്. ഇതിന് പിന്നാലെ ഇന്നലെ തന്നെ ഡ്രഗ് കണ്ട്രോള് ബ്യൂറോ ഒപ്പറേഷന് സൈന്ദര്യ എന്ന പേരില്‍ വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഫെയ്സ് ക്രീമുകള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്നാണ് നേരത്തെയും കണ്ടെത്തലുകളുണ്ട്. ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വിപണയില്‍ ഇറങ്ങുന്ന പല ക്രീമുകള്‍ക്കും ഊരും പേരുമില്ലെന്നും വ്യാജ ക്രീമുകള്‍ ഓണലൈന് സൈറ്റുകളിലും ലഭ്യമാണെന്നും നേരത്തെയും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
Content Highlights: Girl says complaint regarding serious kidney disease contracted through the use of fairness cream will proceed.