തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളിൽ കൂടി കരട് കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. നിയമോപദേശത്തിന് ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഒരു കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ കേസിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് മറ്റൊരു കേസ്. ഈ കേസിലും പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ട്. 2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ചോദിച്ചുവാങ്ങി അതുവഴി സന്ദേശങ്ങളയച്ചുവെന്നുമായിരുന്നു ഈ കേസിൽ പെണ്‍കുട്ടിയുടെ പരാതി. വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. വീട്ടുകാര്‍ക്ക് ആദ്യം താല്പര്യമില്ലായിരുന്നെങ്കിലും പിന്നീട് സമ്മതിച്ചു. അവധിക്ക് ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ തന്നെ വീട്ടിലെത്തുന്നതിന് മുന്‍പ് ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നും ഒറ്റയ്ക്ക് കാണണമെന്നും പറഞ്ഞ് രാഹുല്‍ വിളിച്ചുവെന്നും യുവതി പറഞ്ഞു.
ഫെന്നി നൈനാനൊപ്പം കാറിലെത്തിയ രാഹുല്‍, നഗരത്തില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള ഹോംസ്റ്റേയില്‍ എത്തിച്ചു. സുഹൃത്തിന്റെ ഹോംസ്റ്റേ ആണെന്നും ജനങ്ങള്‍ക്ക് തന്നെ അറിയാവുന്നതിനാല്‍ സ്വകാര്യതയുറപ്പാക്കാനാണ് അവിടേക്ക് വന്നതെന്നുമാണ് പറഞ്ഞത്. അകത്തുകയറിയ ഉടന്‍ രാഹുല്‍ കടന്നുപിടിച്ച് ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ച് പീഡിപ്പിച്ചുെന്നും കടുത്ത ശാരീരിക, മാനസിക പീഡനമാണ് നേരിട്ടതെന്നും യുവതി പറഞ്ഞു.
അതേസമയം, കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി പൂങ്കുഴലി എസ്ഐടി ചുമതല ഒഴിഞ്ഞു. അന്വേഷണം പൂര്‍ത്തിയായെന്ന് എസ്ഐടി വ്യക്തമാക്കി.
Content Highlights: rahul mamkootathil cases draft chargesheet prepared by investigation team