വിഇഎച്ച് വൈദ്യുതി ടെൻഡറിൽ 19 കമ്പനികൾ; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഉപഭോഗം കുറഞ്ഞ സമയത്തേക്കായിരുന്നു ടെണ്ടര്‍

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബല്‍ വൈദ്യുതി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. സെപ്റ്റംബറില്‍ നടത്തിയ ടെണ്ടറില്‍ 19 കമ്പനികള്‍ പങ്കെടുത്തുവെന്ന ടെന്‍ഡര്‍ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. സെപ്റ്റംബറിലെ വൈദ്യുതി ടെണ്ടറില്‍ ആരും പങ്കെടുത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

സെപ്റ്റംബറിലെ ടെന്‍ഡര്‍ പീക്ക് സമയത്തെ വൈദ്യുതിക്ക് വേണ്ടി ആയിരുന്നില്ല. അര്‍ദ്ധരാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഉപഭോഗം കുറഞ്ഞ സമയത്തേക്കായിരുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ വൈദ്യുതി വാങ്ങാനായിരുന്നു ടെണ്ടര്‍.

സെപ്റ്റംബറിലെ വൈദ്യുതി ടെണ്ടറില്‍ ആരും പങ്കെടുത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഈ കാരണത്തിലാണ് വിഇഎച്ച് ഗ്ലോബലില്‍ നിന്നും വൈദ്യുതി വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു വിഇഎച്ചുമായി കരാര്‍. കരാര്‍ പ്രകാരം വൈദ്യുതി നല്‍കാന്‍ വിഇഎച്ചിന് കഴിഞ്ഞിരുന്നില്ല.

ഇക്കഴിഞ്ഞ സെപ്തംബറില്‍ കെഎസ്ഇബി വിളിച്ച രണ്ട് ടെണ്ടറുകളില്‍ ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ടെണ്ടര്‍ ക്ഷണിച്ചിരുന്നില്ല. അടുത്ത ടെണ്ടര്‍ തുറന്നത് സെപ്തംബര്‍ 25നാണ്. അതിന് മുമ്പ് തന്നെ വിഇഎച്ച് കരാര്‍ വച്ച് കഴിഞ്ഞിരുന്നു. അതായത് പീക്ക് സമയത്തേക്ക് വിളിച്ച ടെണ്ടറില്‍ ആരും ക്വാട്ട് ചെയ്യാത്തതിനാലാണ് വിഇഎച്ചുമായി ടെണ്ടര്‍ വെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സ്വാപ്പ് അടിസ്ഥാനത്തില്‍ വെച്ച കരാര്‍ പ്രകാരം ജൂണ്‍ മുതല്‍ മടക്കി നല്‍കിക്കൊണ്ടിരുന്ന 300 മെഗാവാട്ട് വൈദ്യുതി സെപ്തംബറില്‍ കാലാവധി കഴിയും. ഈ 300 മെഗാവാട്ട് വൈദ്യുതി ഒക്ടോബര്‍ മുതല്‍ കേരളത്തില്‍ തന്നെ ഉപയോഗിക്കുകയും ചെയ്യാം. അതിനാല്‍ ഒക്ടോബറില്‍ പീക്ക് സമയത്ത് ഒരു വൈദ്യുതി ക്ഷാമവും ഉണ്ടായിരുന്നില്ല. അതായത് വിഇഎച്ചില്‍ നിന്നോ ഹിമാചലില്‍ നിന്നോ വലിയ വിലക്ക് കരാര്‍ വെക്കേണ്ട യാതൊരു ആവശ്യവും ആ സമയത്ത് കേരളത്തിനുണ്ടായിരുന്നില്ലെന്നാണ് വ്യക്തമാവുന്നതെന്നാണ് വാദം.

Content Highlights: KSEB tender documents reportedly show that 19 companies participated in a September power tender, raising questions over the Chief Minister's claims justifying the VEH Global electricity deal.

To advertise here,contact us