GNA വൈദ്യുതി കരാര്‍: മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു, കണക്കില്‍ പൊരുത്തക്കേട്

1105 കോടി രൂപയുടേതാണ് ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാര്‍ എന്നിരിക്കെ എങ്ങനെയാണ് 2232 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നതെന്നാണ് ചോദ്യം

തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ പൊളിയുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങിയാല്‍ 2232 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 1105 കോടി രൂപയുടേതാണ് ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാര്‍ എന്നിരിക്കെ എങ്ങനെയാണ് 2232 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നതെന്നാണ് ചോദ്യം.

ജിഎന്‍എ വൈദ്യുതി കരാറിനായി ചെലവാകുന്നത് 2008 കോടി രൂപയാണ്. ജിഎന്‍എ പീക്ക് ടൈമില്‍ കൂടുതല്‍ വൈദ്യുതി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. പീക്ക് ടൈമില്‍ ജിഎന്‍എ പരമാവധി നല്‍കുക 500 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതും ശരിയല്ല. സെക്ഷന്‍ 62, 63 പ്രകാരം ടെണ്ടര്‍ ഇല്ലാതെ വൈദ്യുതി വാങ്ങാന്‍ കഴിയില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.ടെണ്ടറില്ലാതെ വൈദ്യുതി വാങ്ങിയാല്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം ലഭിക്കില്ല. സെക്ഷന്‍ 108 പ്രകാരം വൈദ്യുതി വാങ്ങുമ്പോഴും റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം വേണമെന്നാണ് ചട്ടം.

ജിഎന്‍എ കരാറില്‍ പകല്‍ സമയത്തും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുമെന്നതാണ് കെഎസ്ഇബി ചെയര്‍മാനായിരുന്ന എം ജി രാജമാണിക്യം അടക്കം ചൂണ്ടിക്കാട്ടിയ മറ്റൊരു വസ്തുത. പകല്‍ സമയത്ത് അധിക വൈദ്യുതി സറണ്ടര്‍ ചെയ്യുമ്പോള്‍ കനത്ത നഷ്ടമാണെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നുണ്ട്. ജിഎന്‍എ കരാര്‍ 903 കോടി രൂപയിലേറെ കെഎസ്ഇബിക്ക് ബാധ്യത ഉണ്ടാക്കുമെന്നാണ് സിഎംഡിയുടെ റിപ്പോര്‍ട്ട്. സിഎംഡിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ജിഎന്‍എ കരാറിനെ മന്ത്രി സണ്ണി ജോസഫും എതിര്‍ത്തത്.

ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭമാണ് ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് വഴി സര്‍ക്കാരിന് ലഭിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പീക്ക് അവറില്‍ ജിഎന്‍എയില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'14 രൂപ 50 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന് പറയുന്ന ഹിമാചല്‍ സര്‍ക്കാരിന്റെ പ്രൊപ്പോസലും 8 രൂപ 63 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന സ്വകാര്യ സ്ഥാപനമായ ജിഎന്‍എയുടെ പ്രൊപ്പോസലുമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ഹിമാചല്‍ സര്‍ക്കാരിന്റെ പ്രൊപ്പോസലില്‍ ഒപ്പുവെച്ചാല്‍ 2,232 കോടിയുടെ അധിക ബാധ്യതയുണ്ടാകും. അതിനാലാണ് ജിഎന്‍എയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഒന്നും അന്വേഷിക്കാതെയാണ് പ്രതിപക്ഷ നേതാവ് സ്വകാര്യ കമ്പനിയാണെന്ന ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്ത് 2025ല്‍ ഇതേ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്. സ്വകാര്യകമ്പനിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കാലത്ത് വൈദ്യുതി വാങ്ങിയത്', എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

കെഎസ്ഇബിയിലെ ജിഎന്‍എ വൈദ്യുതി കരാര്‍ വിവാദത്തില്‍ സ്ഥാന മാറ്റത്തിന് തൊട്ടുമുമ്പും കടുത്ത നിലപാടായിരുന്നു എം ജി രാജമാണിക്യം സ്വീകരിച്ചത്. ജിഎന്‍എയുമായി കരാര്‍ ഒപ്പിടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്നും എന്നാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറില്‍ ഒപ്പുവെക്കാന്‍ രാജമാണിക്യം തയ്യാറായില്ലെന്നുമായിരുന്നു വിവരം. ടെണ്ടര്‍ ഇല്ലാതെ കരാറില്‍ ഒപ്പിടണമെന്നായിരുന്നു നിര്‍ദേശം.

12 രൂപ 50 പൈസയ്ക്കാണ് ഹിമാചല്‍ സര്‍ക്കാര്‍ വൈദ്യുതി നല്‍കുന്നത്. എന്നാല്‍ 8 രൂപ 63 പൈസയാണ് ജിഎന്‍എ യൂണിറ്റിന് ഈടാക്കുമെന്ന് ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ 500 മെഗാവാട്ടാണ് പീക്ക് സമയത്ത് അവര്‍ നല്‍കുന്നത്. ഇത് സംസ്ഥാനത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് മതിയാകാതെ വരും. അങ്ങനെയെങ്കില്‍ ബാക്കി വൈദ്യുതി സംസ്ഥാനം കണ്ടെത്തേണ്ട സാഹചര്യമുണ്ടാകും. പീക്ക് സമയത്ത് ഏതാണ്ട് 20 രൂപയോളം ഒരു യൂണിറ്റിന് വരും എന്നതാണ് ഈ കരാറിലെ പ്രതിസന്ധിയായി രാജമാണിക്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഹമാചലിന്റെ കരാര്‍ അനുസരിച്ച് 12 രൂപയ്ക്ക് സംസ്ഥാനത്തില്‍ എത്ര വൈദ്യുതി ആവശ്യമാണോ അത്രയും ലഭിക്കും എന്നതാണ് പ്രത്യേകത. ജിഎന്‍എയുടെ കരാറില്‍ പകല്‍ സമയത്തും 8 രൂപ 63 പൈസയ്ക്ക് സംസ്ഥാനം വൈദ്യുതി വാങ്ങണം എന്ന കുരുക്ക് കൂടി നിലനില്‍ക്കുന്നുണ്ട്. പകല്‍ സമയം വൈദ്യുതി ക്ഷാമം ഇല്ലാതെ തന്നെ 500 വാട്ട് വൈദ്യുതി വാങ്ങേണി വരുമെന്നതാണ് ജിഎന്‍എ കരാറിലെ വലിയ പ്രതിസന്ധി.

Content Highlights: Details emerging in the GNA power contract controversy reportedly contradict the claim that purchasing electricity from Himachal Pradesh would create a ₹2,232 crore liability

To advertise here,contact us