അടൂര്‍ പൊലീസ് സ്റ്റേഷൻ അതിക്രമം: 12നും സംഘം സ്റ്റേഷനിലെത്തി, 'കോണ്‍ഗ്രസിന്റെ പട്ടാള'മെന്ന് ശ്രീനാദേവി

മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാന്‍, ഗര്‍ഭഛിദ്ര കേസിലെ കൂട്ടുപ്രതി ജോബി ജോസഫ് തുടങ്ങിയവരുടെ സംഘമാണ് 12ന് പൊലീസ് സ്റ്റേഷനിലെത്തിയത്

പത്തനംതിട്ട: അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം നടന്ന ജൂലൈ 11 രാത്രി കൂടാതെ അടുത്ത ദിവസവും പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അടങ്ങുന്ന സംഘം എത്തി. മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണ കേസ് പ്രതി ഫെനി നൈനാന്‍, ഗര്‍ഭഛിദ്ര കേസിലെ കൂട്ടുപ്രതി ജോബി ജോസഫ് തുടങ്ങിയവരുടെ സംഘമാണ് 12ന് പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിവരെ അടൂരിലെ കോണ്‍ഗ്രസിന്റെ പട്ടാളം എന്ന് വിശേഷിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസമാണ് പോസ്റ്റ് പങ്കുവെച്ചത് എന്നതും ശ്രദ്ധേയമാണ്. സംഘത്തിന്റെ അതിക്രമത്തില്‍ പൊലീസുകാരനുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ ചൊല്ലി പത്തനംതിട്ട കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തിരിക്കുകയാണ്. അടൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും നേതാക്കള്‍ നിലപാടെടുത്തു. ഇതിന് പുറമെ ഡിസിസി ഓഫീസില്‍ വെച്ച് മാധ്യമങ്ങളെ കാണാനും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.

അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. കേസില്‍ ഫെനി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തും. നിലവിലെ എഫ്‌ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും.

പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനദേവി കുഞ്ഞമ്മയുടെ പരാതിയില്‍ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്ത രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനിനിലെത്തി ആക്രമിച്ച സംഭവത്തിലാണ് നടപടി.

Content Highlight: More details have emerged about the incident at the Adoor Police Station. In addition to the night of July 11, when the incident took place, a group including Congress leaders also visited the police station the following day. On July 12, a group led by former MLA Rahul Mamkootathil arrived at the police station. The group included Feni Ninan, an accused in the fake identity card fabrication case, and Joby Joseph, a co-accused in an abortion-related case.

To advertise here,contact us