കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂര് സ്വദേശി ഹര്‍ഷ (17) ആണ് മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പിതാവ് പ്രശാന്ത് ആരോപിച്ചു.
തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയും ഛര്‍ദ്ദിയുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നല്‍കിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിക്ക് നല്കിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്കി.
ഹര്‍ഷ മരിച്ചശേഷമാണ് മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും കുടുംബം ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. മരണകാരണം അറിയില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് എത്തുമ്പോഴേക്കും കുട്ടി മരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയാലേ വ്യക്തത ഉണ്ടാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Content Highlights: 17-year-old Harsha lost life during treatment at a private hospital in Kollam's Karunagappally; father alleges medical negligence, hospital denies charges