വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജൻ

ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടതെന്ന് പി ജയരാജൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടത്. ഇവിടെയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനാരായണീയർ ഉയർത്തിപ്പിടിക്കേണ്ട മാനവിക ദർശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വർഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശൻ നിലയുറപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ചോദ്യത്തിന് മറുപടി പറഞ്ഞ് കൊണ്ടാകണം വെള്ളാപ്പള്ളി സംവാദം തുടങ്ങേണ്ടതെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സി കേശവനിൽ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നാണ് ചോദിച്ചതെന്നും പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ ചോദ്യത്തിന് വെള്ളാപ്പള്ളി നടേശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഞാൻ ഹിന്ദുവാണ് എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ശ്രീനാരായണഗുരു ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും പി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കിക്കൊണ്ട് രൂപീകരിച്ച എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ഗുരുദർശനങ്ങൾ പിന്തുടരാൻ ശിവഗിരിയിൽ സ്ഥാപിച്ച ധർമ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ 'ഹിന്ദു' എന്ന വാക്ക് കാണാൻ കഴിയില്ലെന്നും പി ജയരാജൻ വ്യക്തമാക്കി. സാഹചര്യം ഇതായിരിക്കെ ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടതെന്നും പി ജയരാജൻ ചൂണ്ടിക്കാണിക്കുന്നു.

പി ജയരാജൻ്റെ ഫേസ്ബുക്ക് കുറിപ്പ്

വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാർ...

പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഞാൻ ഒരു കാര്യം ഉന്നയിച്ചിരുന്നു.

നിവർത്തന പ്രക്ഷോഭ കാലത്ത്, 1935-ൽ അന്നത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സി. കേശവൻ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നമ്മുടെ മുന്നിലുണ്ട്. ആ പ്രസംഗത്തിൽ, "ഈഴവരൊന്നും ഹിന്ദു എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല" എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പുന്നശ്ശേരി നമ്പിയുടെ 'ചണ്ഡാല ശാസ്ത്ര'ത്തെ നിശിതമായി വിമർശിച്ചുകൊണ്ടും, ഈഴവരെ 'ചണ്ഡാലർ' എന്ന് ആക്ഷേപിച്ചതിലുള്ള ശക്തമായ അമർഷം രേഖപ്പെടുത്തിക്കൊണ്ടുമാണ് ഹിന്ദുമതവുമായി ഈഴവർക്കുള്ള അകൽച്ച അദ്ദേഹം വ്യക്തമാക്കിയത്.

മാത്രവുമല്ല, കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലാണ് സി. കേശവനെ രണ്ടുവർഷത്തെ തടവിനു കോടതി ശിക്ഷിച്ചത്.

പ്രസംഗത്തിന്റെ ഒടുവിൽ സർ സി.പി. രാമസ്വാമി അയ്യരെ 'ജന്തു' എന്ന് വിശേഷിപ്പിക്കുകയും, 'ജന്തു എന്നത് ഹിന്ദുവാണ്' എന്ന് തുറന്നടിക്കുകയും ചെയ്തതായിരുന്നു അതിനു കാരണം. സനാതന ധർമ്മത്തിന്റെ പേരിൽ ഹിന്ദുമതം മുന്നോട്ടുവെച്ച സകല അനീതികളെയും, ഈഴവരുൾപ്പെടെയുള്ള പിന്നോക്ക ജനവിഭാഗങ്ങളോട് കാട്ടിയ വിവേചനങ്ങളെയും അസമത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു സി. കേശവന്റെ ആ പ്രഖ്യാപനം.

അന്ന് ആലപ്പുഴയിലെ പ്രസംഗത്തിൽ ഞാൻ ചോദിച്ചത്, സി. കേശവനിൽ നിന്ന് ഇന്നത്തെ വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്നാണ്. ആ ചോദ്യത്തിന് വെള്ളാപ്പള്ളി നടേശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.

എന്നാൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ, "ഞാൻ ഹിന്ദുവാണ്" എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ശ്രീനാരായണഗുരു ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ല. ഗുരുവിനെ ആജീവനാന്ത അധ്യക്ഷനാക്കിക്കൊണ്ട് രൂപീകരിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലോ ഗുരുദർശനങ്ങൾ പിന്തുടരാൻ ശിവഗിരിയിൽ സ്ഥാപിച്ച ധർമ്മസംഘം ട്രസ്റ്റിന്റെ നിയമാവലിയിലോ 'ഹിന്ദു' എന്ന വാക്ക് കാണാൻ കഴിയില്ല.

സാഹചര്യം ഇതായിരിക്കെ, ഗുരുദർശനം മുറുകെപ്പിടിക്കുന്നവർ സ്വാഭാവികമായും രാജ്യത്തെ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് അണിനിരക്കേണ്ടത്. ഇവിടെയാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട് ചോദ്യം ചെയ്യപ്പെടുന്നത്.

ശ്രീനാരായണീയർ ഉയർത്തിപ്പിടിക്കേണ്ട മാനവിക ദർശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വർഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ നടേശൻ നിലയുറപ്പിക്കുന്നത്? ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് വ്യക്തമാക്കണം.

ഈ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ടാകണം സംവാദം തുടങ്ങേണ്ടത്....

Content Highlights: CPM leader P Jayarajan has expressed his willingness to engage in an open debate with Vellappally Natesan, bringing a new development to Kerala's political discourse

To advertise here,contact us