'സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല'; തല മുണ്ഡനം ചെയ്ത് LPST ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം

'ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ വിഷയത്തില്‍ ഒരുപാട് വാചാലനായതാണ്'

തിരുവനന്തപുരം: എല്‍പിഎസ്ടി സമരത്തിന്റെ 113-ാം ദിവസം തലമുണ്ഡനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയുടെ പ്രതിഷേധം. ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളായ വളര്‍മതിയാണ് തലമുണ്ഡനം ചെയ്തത്. ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. എല്‍പിഎസ്ടി പട്ടിക വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നിയമനം നടന്നിരുന്നില്ല. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. പ്രതീക്ഷയോടെയാണ് ചര്‍ച്ചയ്ക്ക് പോയത്. എന്നാല്‍ സര്‍ക്കാരിന് മനസ്സലിവ് ഉണ്ടായില്ലെന്നും വളര്‍മതി പറഞ്ഞു.

'ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ വിഷയത്തില്‍ ഒരുപാട് വാചാലനായതാണ്. എന്നാല്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല. മാന്യമായ നീതി നടപ്പിലാക്കുന്നതുവരെ മരണം വരെ നിരാഹാരത്തിലേക്ക് പോകും', വളര്‍മതി പറഞ്ഞു.

'കുറേ ദിവസം ഓരോന്നും പറഞ്ഞിരിപ്പിക്കാനുള്ളതായിരുന്നു അവരുടെ അജണ്ട. മുഖ്യമന്ത്രിയെ ഇതുവരെ കാണാന്‍ സാധിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സമരം പൊളിക്കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കും അനുഭാവ തീരുമാനം എടുക്കാത്തത്. മുഖ്യമന്ത്രിയെ വീണ്ടും കാണാന്‍ ശ്രമിക്കും. പഠിച്ച് നേടിയതാണ്. ഞങ്ങള്‍ക്ക് ജോലി ലഭിച്ചേതീരും' എന്നും വളര്‍മതി പറഞ്ഞു.

നേരത്തെ ഇവര്‍ 37ദിവസത്തെ സമരം നടത്തിയിരുന്നു. അന്ന് 13 ദിവസം വളര്‍മതി നിരാഹാരം ഇരുന്നിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും പരിഹരിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. 45 ദിവസത്തെ സാവകാശമായിരുന്നു സര്‍ക്കാര്‍ ചോദിച്ചത്. എന്നാല്‍ പരിഹാരമാകാതെ വന്നതോടെയാണ് കടുത്ത പ്രതിഷേധത്തിലേക്ക് കടന്നത്.

Content Highlights: An LPST job aspirant shaves their head in protest on the 113th day of the ongoing LPST recruitment agitation

To advertise here,contact us