'ഇത്രയും കാലം ഞങ്ങൾക്ക് വേണ്ടിയാണ് അച്ഛൻ കഷടപ്പെട്ടത്, അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകും'

ചേരാനെല്ലൂര്‍ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകള്‍

കൊച്ചി: അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണണൻ്റെ മകൾ. 'ഹൈദരാബാദില്‍ വച്ചാണ് ഞാന്‍ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെ ഒന്നും കഴിക്കാതെയും കുടിക്കാതെയുമാണ് എന്റെ അച്ഛന് വേണ്ടി നില്‍ക്കുന്നത്. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛന്‍. നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. ഇങ്ങനെ ഒരു മരണം അച്ഛന്‍ അര്‍ഹിക്കുന്നതല്ല. 17 വയസുകാരനായ അയാള്‍ ജഡ്ജിയുടെ മകനായതാണ് പ്രശ്‌നം. അതുകൊണ്ടാണ് നടപടി എടുക്കാന്‍ മടിക്കുന്നത്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ഇതിനകം നടപടി എടുത്തേനേ. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പോലീസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു' എന്നായിരുന്നു ജയബാലകൃഷ്ണണൻ്റെ മകളുടെ പ്രതികരണം.

ഇത്രയും കാലം കഷ്ടപ്പെട്ട് പഠിച്ചതും ജോലിക്ക് പോയതും അച്ഛന് ഒരു ദിവസമെങ്കിലും കട പൂട്ടി സമാധാമായി ഇരിക്കാന്‍ അവസരമുണ്ടാക്കാനാണെന്നും ജയബാലകൃഷണൻ്റെ മകൾ പ്രതികരിച്ചു. 'ഇനി ഞാന്‍ ആര്‍ക്കുവേണ്ടിയാണ് ജീവിക്കേണ്ടത്. ഇത്രയും നാള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് ജീവിച്ചത്. സന്തോഷം എന്താണെന്ന് പോലും അറിയാതെ. അച്ഛന് നീതി എപ്പോള്‍ കിട്ടുമോ അന്ന് വരെ പോരാട്ടം തുടരാനാണ് എന്റെ തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി കൊടുക്കും. കുറ്റക്കാരായ പോലീസുകാര്‍ക്കടക്കം എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കണം. എന്റെ അച്ഛൻ്റെ ബോഡി കിട്ടുന്നതിന് മുന്‍പ് ഈ പ്രതിയെ കിട്ടിയിട്ട് പോലും അവര്‍ പറഞ്ഞുവിട്ടു. അങ്ങനത്തെ ഒരു നിയമം ഉണ്ടോ?' എന്നും ജയബാലകൃഷ്ണൻ്റെ മകൾ ചോദിച്ചു.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തുകയായിരുന്നു .17കാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് നേരത്തെ കുടുംബം ഉന്നയിച്ചത്. അച്ഛന്റെ മൃതശരീരം വിട്ട് കിട്ടും മുമ്പാണ് വണ്ടിയിടിച്ച് കൊന്നവന് പൊലീസ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തിയിരുന്നു.

Content Highlights :"Father toiled for our sake all these years; we will go to any lengths to ensure he gets justice." — The daughter of Jayabalakrishnan, who died in the Cheranalloor road accident, speaking to the media.

To advertise here,contact us