കൊച്ചി: ചേരാനല്ലൂരില്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ 17 കാരനായ മകന് ഓടിച്ച വാഹനം ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചതില്‍ ഗുരുതര ആരോപണവുമായി മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍. സംഭവം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ തങ്ങളോട് ജഡ്ജി കയര്‍ത്ത് സംസാരിച്ചെന്ന് ഇവര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയവരാണ് തെറ്റുകാരന്‍ എന്ന് പറഞ്ഞതിനായിരുന്നു എന്നെ ചോദ്യം ചെയ്യാന്‍ വരേണ്ടെന്നും അതിന് നിങ്ങള്‍ ആയിട്ടില്ലെന്നും പ്രതിയായ 17 കാരന്റെ പിതാവിന്റെ ഭീഷണി ഉണ്ടായത് എന്നാണ് ആരോപണം. ഇതൊന്നും തനിക്ക് ഒരു പ്രശ്നമല്ല എന്ന മനോഭാവമായിരുന്ന ജഡ്ജിക്കെന്നും അവര്‍ പറഞ്ഞു.
വാഹനം ഒടിച്ച 17 കാരന്റെ പേരിലും മാതാപിതാക്കളുടെ പേരിലും കേസ് എടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 17 കാരന്റെ ഫോട്ടോ എടുത്തപ്പോള്‍ അത് പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ തനിക്ക് പ്രശ്നം ആകുമെന്നും പൊലീസ് പറഞ്ഞതായും ബന്ധു ആരോപിച്ചു. തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. വെള്ളക്കെട്ട് ഉണ്ടായതുകൊണ്ടാണ് അപകടം നടന്നതെന്ന് ജഡ്ജി പറഞ്ഞു. എന്നാല്‍ കണ്ടൈനര്‍ റോഡില്‍ ഒരു വെള്ളക്കെട്ടും ഉണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകി പോകാന്‍ സ്ഥലമുള്ള ഇടത്താണ് അപകടം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ആരും ഇനി പുറത്തിറങ്ങാന്‍ പാടില്ല. സാധാരണക്കാരനും തുല്യ നിയമം വേണം. വാഹനം അമിത വേഗതയിലാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ വാഹനം ഓഫായി നിന്നത് കൊണ്ടാണ് പിടികൂടാനായതെന്നും അവര്‍ വ്യക്തമാക്കി. ജയബാലകൃഷ്ണൻ നടത്തിയിരുന്ന തട്ടുകടയിലെ വരുമാനം കൊണ്ടുമാത്രമായിരുന്നു കുടുംബം കഴിഞ്ഞ് പോയിരുന്നത്. എല്ലാ മാസവും ലോണ്‍ അടക്കാനുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അസുഖ ബാധിതയാണെന്നും അവര്‍ പറഞ്ഞു. പ്രതി മദ്യപിച്ചിട്ടില്ലെന്ന പൊലീസ് വാദത്തില്‍ തങ്ങള്‍ക്ക് സംശയം ഉണ്ടെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
തട്ടുകട നടത്തുകയായിരുന്ന ജയബാലകൃഷ്ണന്‍ പുലര്‍ച്ചെ കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടാകുന്നത്. 17 കാരന് ഓടിച്ച ബെന്‍സ് കാര്‍ അമിത വേഗതയില്‍ എത്തി അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് ജയബാലകൃഷ്ണന്‍ തെറിച്ച് പോയിരുന്നു. പിന്നീട് ആളുകള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതം വലുതായിരുന്നു എന്ന് സ്കൂട്ടറിന്റേയും കാറിന്റേയും നിലവിലെ അവസ്ഥ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതാണ്. ഈ ബെന്‍സ് വാഹനം വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറ്റുകയും തഴെ സര്‍വീസ് റോഡിലേക്ക് ഇടുകയും ചെയ്തിരുന്നു. വാഹനത്തിന്റെ നമ്പര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാതെ ഇങ്ങനെ ചെയ്തത് എന്തിനെന്നതിലും സംശയം ഉയരുന്നുണ്ട്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ബെന്‍സ് വാഹനത്തിന്റെ നമ്പര്‍ മാത്രമാണ് ഉള്ളത്.
Content Highlights: Relatives of Jayabalakrishnan, who died after a car allegedly driven by a 17-year-old hit his scooter in Cheranalloor, have levelled allegations against the teenager’s father, an Additional District Magistrate. They alleged that he spoke harshly to them at the police station and said they had no right to question him after they raised concerns about a minor driving a vehicle. These claims are allegations made by the relatives.