തട്ടിക്കൊണ്ട് പോകല്‍ പരാതി എത്തി നിന്നത് കണാതായ ആളുടെ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍; വന്‍ ട്വിസ്റ്റ്

രണ്ടര കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണവുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്

കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കോണ്ടു പോയെന്ന കേസില്‍ വന്‍ വഴിത്തിരിവ്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം കണ്ടെത്തി. രണ്ടരക്കോടി രൂപയുടെ നിര്‍മ്മാണ സാമഗ്രികളും സ്വര്‍ണവുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. വാടി കല്ലേലിവയല്‍ പുരയിടം സ്വദേശി സിബിയോണിന്റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ഇക്കഴിഞ്ഞ 16ാം തീയതിയാണ് സിബിയോണിനെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നത്. പിറ്റേന്ന് താന്‍ തിരികെ എത്തിയെന്ന് സിബിയോണ്‍ പൊലീസിനെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തെ വെട്ടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

സിബിയോണിന്റെ തിരോധാനത്തിന് പിന്നിൽ പങ്കുണ്ടെന്ന് സംശയിച്ചിരുന്ന വ്യക്തികളെ പൊലീസ് പിടികൂടുകയും പലരേയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹത സംശയിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടിലെ കള്ളനോട്ട് കേന്ദ്രം കണ്ടെത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇയാള്‍ പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. അച്ചടിക്കുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 46 പവന്‍ സ്വര്‍ണാഭരണങ്ങളും, 5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്തവയില്‍ സ്വര്‍ണ്ണ വാച്ച് ഉള്‍പ്പെടെയുണ്ട്. പൊലീസ് സിബിയോണിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇയാളുടെ പിന്നില്‍ വലിയ സംഘമുണ്ടോ എന്ന സംശയിത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഉന്നതര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് ഇയാളുടെ വീട്ടില്‍ നടന്നത്. 500 ന്റെ നോട്ടിന്റെ കളര്‍ പ്രിന്റ് ചെയ്ത 520 കെട്ടുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രിന്റ് ചെയ്തിരുന്നെങ്കില്‍ 2.5 കോടിയുടെ നോട്ട് വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ട് പോകല്‍ അടക്കം ഇയാളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട നാടകമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത അഞ്ച് ലക്ഷം രൂപ കള്ളനോട്ടാണോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കൊല്ലത്തെ തീരപ്രദേശ മേഖലയായ വാടിയില്‍ വലിയ തിരക്ക് അനുഭവപ്പെടുത്ത സ്ഥലത്തായിരുന്നു ഇയാള്‍ കള്ളനോട്ട് നിര്‍മാണ കേന്ദ്രം നടത്തിയിരുന്നതെന്നാണ് ഏറ്റവും പ്രധാനം.

Content Highlights: A police raid in Kollam uncovered an alleged fake currency manufacturing unit at the house of Sibion, a resident of Kallelivayal Purayidam in Vadi. Police seized manufacturing materials and gold reportedly worth ₹2.5 crore. The discovery came during an investigation into Sibion’s reported disappearance on the 16th. He informed police the following day that he had returned, claiming he had escaped from a group that had abducted him.

To advertise here,contact us