CPI നേതാവ് ചാത്തൻ മാസ്റ്ററെ അനുസ്മരിച്ച് BJP; സ്‌മൃതിസഭ സംഘാടക സമിതിക്ക് രൂപം നൽകി

ഒന്നാം ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണം, പട്ടികജാതി ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു പി കെ ചാത്തൻ മാസ്റ്റർ.

തിരുവനന്തപുരം: സിപിഐ നേതാവും മുൻ മന്ത്രിയുമായിരുന്ന പി കെ ചാത്തൻ മാസ്റ്റർക്ക് അനുസ്മരണവുമായി ബിജെപി. പി കെ ചാത്തൻ മാസ്റ്റർ സ്‌മൃതി സഭ സംഘാടക സമിതിക്ക് ബിജെപി രൂപം നൽകി. മാരാർജി ഭവനിൽ നടന്ന പരിപാടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തതു.

251 പേരുടെ സമിതിയാണ് രൂപീകരിച്ചത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രനാണ് സമിതിയുടെ രക്ഷാധികാരി. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദനാണ് സമിതിയുടെ ചെയർമാൻ. കെ അജിത് ആണ് ജനറൽ കൺവീനർ. ഈ മാസം 29ന് ഇരിഞ്ഞാലക്കുടയിൽ വെച്ച് സമിതിയുടെ ആദ്യ യോഗം ചേരും.

ഒന്നാം ഇഎംഎസ് മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണം, പട്ടികജാതി ക്ഷേമം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു പി കെ ചാത്തൻ മാസ്റ്റർ. കേരളത്തിലെ ആദ്യത്തെ പട്ടികജാതിക്കാരനായ മന്ത്രി കൂടിയാണ് ചാത്തൻ മാസ്റ്റർ. സിപിഐയുടെ ദളിത് മുഖങ്ങളായിരുന്ന രണ്ട് മുൻ എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തിയതോടെയാണ് ചാത്തൻ മാസ്റ്ററെ അനുസ്മരിക്കാൻ ബിജെപി നീക്കം നടത്തുന്നത്.

പിന്നാക്ക സമുദായത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയാണ് ചാത്തൻ മാസ്റ്ററെന്നും കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പറയാൻ തനിക്ക് മടിയില്ല എന്നും ഉദ്‌ഘാടന പ്രസംഗത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ സമുദായങ്ങളിൽ പെട്ടവർക്കും ഇന്ന് സാമ്പത്തിക പുരോഗതി ഉണ്ടായിട്ടില്ല. ചില സമുദായങ്ങൾ മുന്നോട്ട് പോകുമ്പോൾ ചിലർ ഇപ്പോഴും പിന്നോട്ട് പോകുകയാണ്. ദുർബല സമുദായങ്ങൾ അങ്ങനെ തന്നെ തുടരുകയാണ്. ഇതൊക്കെ ചർച്ച ചെയ്യാൻ ഒരു സഭ ഉണ്ടാകണം എന്ന് ആയിരുന്നു ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.സമുദായത്തിന്റെ ആവശ്യങ്ങൾ മുന്നോട്ട് വെയ്ക്കുകയാണ് സമിതിയുടെ ലക്ഷ്യം ബിജെപി സമിതിക്ക് ഒപ്പം ഉണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ ഉറപ്പ് നൽകി.ചാത്തൻ മാസ്റ്ററെ ഉയർത്തിപ്പിടിക്കുന്നതിലൂടെ വിസ്‌മൃതിയിൽ മറഞ്ഞ എല്ലാവരെയും പുറത്ത് കൊണ്ട് വരും എന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.

Content Highlights: The BJP has formed an organising committee for the P K Chathan Master Memorial Meeting to commemorate the former CPI leader and minister. BJP state president Rajeev Chandrasekhar inaugurated the programme at Mararji Bhavan.

To advertise here,contact us