പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണം;ആലപ്പുഴയില്‍ CPI-CPIM തര്‍ക്കം, പുതിയ സ്മാരകത്തെ CPIM അവഗണിച്ചുവെന്ന് CPI

രക്തസാക്ഷികള്‍ വെടിയേറ്റ് മരിച്ച പുന്നപ്രയിലെ സമരഭൂമിയില്‍ പുതിയതായി സിപിഐ നിര്‍മ്മിച്ച സ്മൃതിമണ്ഡപം കഴിഞ്ഞ 18നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തത്

ആലപ്പുഴ: സിപിഐഎമ്മും സിപിഐയും യോജിച്ചു സംഘടിപ്പിക്കുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണത്തെ ചൊല്ലി ആലപ്പുഴയില്‍ സിപിഐ-സിപിഐഎം തര്‍ക്കം. പുന്നപ്രയിലെ സിപിഐഎമ്മിന്റെ രക്തസാക്ഷി ചരിത്ര സ്മാരകത്തിനു സമീപത്ത് സിപിഐ പുതിയതായി നിര്‍മ്മിച്ച മണ്ഡപത്തെ ചൊല്ലിയാണ് തര്‍ക്കം. സ്മാരകത്തെ സിപിഐഎം അവഗണിച്ചുവെന്നാണ് ആരോപണം. സിപിഐ മണ്ഡപത്തെ രക്തസാക്ഷി സ്മാരകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം പറഞ്ഞു. ഇതേതുടര്‍ന്ന് രക്തസാക്ഷി വാരാചരണ പരിപാടിയില്‍ നിന്ന് സിപിഐ വിട്ടു നിന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക തൊഴിലാളി-കര്‍ഷക പോരാട്ടമാണ് പുന്നപ്ര വയലാര്‍ സമരം. രക്തസാക്ഷികള്‍ വെടിയേറ്റ് മരിച്ച പുന്നപ്രയിലെ സമരഭൂമിയില്‍ പുതിയതായി സിപിഐ നിര്‍മ്മിച്ച മൃതിമണ്ഡപം കഴിഞ്ഞ 18നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തത്. പുന്നപ്രയിലെ വാരാചരണത്തിന്റെ ഭാഗമായി ഈ സ്മാരകത്തിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി രേഖാമൂലം തന്നെ സിപിഐയെ എതിര്‍പ്പറയിച്ചു. സിപിഐയുടെ സ്മാരകത്തില്‍ സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയില്‍ നിന്നും സിപിഐഎം നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതോടെ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തി. വാരാചരണത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാനാണ് തീരുമാനം.

പുന്നപ്രയിലെ സമരഭൂമിയില്‍ സിപിഐഎമ്മിന്റെ പേരിലാണ് രക്തസാക്ഷി കുടീരം നിലനില്‍ക്കുന്നത്. ചരിത്ര സ്മാരകം നിലനില്‍ക്കെ സിപിഐ നിര്‍മ്മിച്ച മണ്ഡപം രക്തസാക്ഷി സ്മാരകമായി അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് സിപിഐഎമ്മിന്റെ നിലപാട്. ഇന്നലെ പുന്നപ്രയില്‍ തുടങ്ങിയ വരാചരണം 27ന് വയലാറില്‍ സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.

Content Highlights: A dispute over a newly built memorial in Punnapra has widened differences between CPI and CPI(M), prompting CPI to stay away from the Punnapra–Vayalar Martyrs' Week observance

To advertise here,contact us