സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഹൈക്കോടതി മനസ്സര്‍പ്പിച്ച് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി

ന്യൂഡൽഹി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീം കോടതിയിൽ ആശ്വാസം. സിഎംആര്‍എല്‍ കേസിലെയും മുഹമ്മദ് റിയാസിനും വീണ ടിക്കും എതിരായ ഹവാല ഇടപാടിലെയും വിജിലൻസ് അന്വേഷണം തടഞ്ഞു. ഒരാഴ്ചത്തേക്കാണ് അന്വേഷണം സ്റ്റേ ചെയ്തത്. പിണറായി വിജയനെ കേള്‍ക്കാതെ തീരുമാനമെടുത്തത് എന്തിനെന്നും കോടതി ചോദിച്ചു.

കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാത്ത സർക്കാരിനെയും സുപ്രീംകോടതി വിമർശിച്ചു. അതിവേഗം എഫ്ഐആർ രജിസ്റ്റര്‍ ചെയ്തതിന് കോടതി പരിഹസിച്ചു. ഇ ഡി കത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആർ രജിസ്റ്റര്‍ ചെയ്യും മുന്‍പ് ആരോപണ വിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡി വാദം തള്ളി. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് മെറിറ്റില്‍ പരിഗണിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അപ്പീലിന് അനുമതി നിഷേധിച്ച ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനടക്കം നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ജസ്റ്റിസ് ജോയ് മാല ബാഗ്ചി, ജസ്റ്റിസ് വി മോഹ്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ 82 വയസ്സുള്ള പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും സംരക്ഷണം വേണമെന്നുമാണ് അപ്പീലിൽ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ അപ്പീല്‍ അനുമതി നിഷേധം തെറ്റെന്നാണും പിണറായി വിജയന്‍ അപ്പീലില്‍ വാദിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന് മുന്നിലുള്ള ഹര്‍ജിയില്‍ തങ്ങളെ കക്ഷി ചേര്‍ത്തിരുന്നില്ലെന്നും പിണറായി വിജയനും പി എ മുഹമ്മദ് റിയാസും വ്യക്തമാക്കിയിരുന്നു.

തങ്ങളെ ബാധിക്കുന്ന ഉത്തരവാണ് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. ഒരുത്തരവ് വഴി നേരിട്ട് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അതിനെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. അപ്പീല്‍ നല്‍കുന്നവര്‍ക്ക് നിയമപരമായ പരിഹാരം നിഷേധിക്കാനാവില്ലെന്നും സുപ്രീംകോടതിയില്‍ വാദമുയര്‍ത്തിയിരുന്നു.

അതേസമയം, സർക്കാരിന് തിരിച്ചടിയില്ലെന്നും നിയമത്തിന്റെ സാങ്കേതികതത്വം ആണ് സുപ്രീം കോടതി പറഞ്ഞതെന്നുമായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം. സർക്കാർ ഇതിൽ മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും എത്ര ഉന്നതൻ ആയാലും അന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അത് പിണറായിയെ ഉദ്ദേശിച്ച് പറഞ്ഞതാണ്.

ആദ്യം തന്നെ എഫ്ഐആർ ഇടാമായിരുന്നില്ലേ എന്നുള്ളത് ചർച്ച ചെയ്യേണ്ടതാണെന്നും എംഎൽഎ വ്യക്തമാക്കി.

Content Highlights:pinarayi vijayan relief in cmrl exalogic financial transaction case kerala

To advertise here,contact us