കൊച്ചി: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ കെ സുധാകരന്റെ തുറന്നുപറിച്ചിലില്‍ പ്രതികരണവുമായി മന്ത്രി എം ലിജു. ഔന്നിത്യമുള്ള നേതാവ് ആണ് കെ സുധാകരന് എന്നും പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം തന്നെ പിന്‍വലിച്ചെന്നും ലിജു പറഞ്ഞു. കെ സുധാകരന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ആണ്. പൊതുവേദിയില്‍ പരസ്യപ്രതികരണത്തിന് ഇല്ല. എന്തെങ്കിലും വിമര്‍ശനം ഉണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ പറയും എന്നും ലിജു പറഞ്ഞു.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയായിരുന്നു കെ സുധാകരന് എംപി തുറന്നടിച്ചത്. അധ്യക്ഷ പദവിയില്‍ നിന്ന് നീക്കാന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചെന്നും അന്യായമായി പദവിയില്‍ നിന്നും നീക്കിയതില്‍ അതിയായ ദുഃഖമുണ്ടെന്നുമായിരുന്നു കെ സുധാകരന് പറഞ്ഞത്. സിപിഐഎമ്മിന്റെ കൊലവിളി രാഷ്ട്രീയത്തിന് എതിരെ നടത്തിയ പോരാട്ടങ്ങളെ നിസ്സാരമായി കാണരുത്. അധികാരത്തിന് വേണ്ടി പ്രസ്ഥാനത്തിന്റെ അഭിമാനം അടിയറവെയ്ക്കരുത്. ഭരണം വരും പോകും, അധികാരം മാറിമറിയുമെന്നും സുധാകരന്റെ ഓര്‍മ്മപ്പെടുത്തിയിരുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സുധാകരന്റെ തുറന്ന് പറച്ചില്. വീഡിയോ പിന്നീട് നീക്കം ചെയ്തു. സര്‍ക്കാറിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനെന്ന പോലെ ഭരണപക്ഷത്തിനും അര്‍ഹതയുണ്ടെന്നും സുധാകരന് വീഡിയോയില്‍ പറയുന്നുണ്ട്. പാര്‍ട്ടിക്ക് വേണ്ടി രക്തം ചിന്തിയവരുടെയും പ്രതിസന്ധിയില്‍ കൂടെ നിന്നവരുടെയും വിയര്‍പ്പിനെ വിലകുറച്ച് കാണുന്ന ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ല. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ മാത്രമല്ല, ഭരണപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. അത് ഏത് സര്‍ക്കാരായാലും ശരി. സര്‍ക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ല. തെറ്റുകള്‍ ചൂണ്ടികാണിക്കാന്‍ ധൈര്യമുള്ള പോരാളികളെയാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തുമ്പോഴാണ് പ്രസ്ഥാനം ശക്തമാകുന്നതെന്നും കെ സുധാകരന് പറഞ്ഞിരുന്നു.
Content Highlights: Minister M Liju responds to K Sudhakaran’s candid remarks