'പൊതുപ്രവർത്തനത്തെയും വ്യക്തിജീവിതത്തെയും അപകീർത്തിപ്പെടുത്തി'; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

തന്റെ പൊതുപ്രവര്‍ത്തനത്തെയും വ്യക്തിജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്ത് അടൂര്‍ പൊലീസ്. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവിന്റെ പരാതിയിലാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ തന്നെ അപകീര്‍ത്തിപ്പെടുത്തിയതായും തന്റെ പൊതുപ്രവര്‍ത്തനത്തെയും വ്യക്തിജീവിതത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണ് കെ പി ഉദയഭാനു എന്ന് വരുത്തി തീര്‍ക്കാന്‍ എഫ് ബി പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

ഉദയഭാനുവിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. 'സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി ശ്രീ കെ. പി. ഉദയഭാനു എന്ന പാറമടക്കാരുടെ പ്രിയപ്പെട്ട നേതാവിന്റെ ഇന്നലത്തെ പ്രസംഗം കേട്ടു. എണ്ണമറ്റ കയ്യടിക്ക് വേണ്ടി വായിൽ വരുന്നതെല്ലാം പറയുമ്പോൾ സ്വയം മറുപടി പറയേണ്ടി വരുമെന്ന ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്', എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ തുടക്കം.

അടൂരിലെ പൊലീസിനെ നിയന്ത്രിക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്ന് ആരോപിച്ച് സിപിഐഎം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. എല്ലാ വാര്‍ഡിലും പൊലീസിനെതിരെ പ്രതിരോധ സേന രൂപീകരിക്കുമെന്ന് സംസ്ഥാനക്കമ്മിറ്റിയംഗം കെ പി ഉദയഭാനു പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു ശ്രീനാദേവികുഞ്ഞമ്മയുടെ പ്രതികരണം.

ആക്രമിക്കാന്‍ വരുന്ന ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കഞ്ചാവ് പൊതിയിട്ടാല്‍ അതെടുത്ത് പിന്‍മാറുമെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണത്തിനെതിരെയും നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. അടൂരിലെ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്ഐ സംഘര്‍ഷത്തിലായിരുന്നു പ്രതികരണം.

Content Highlights: adoor police register case against congress leader sreenadevi kunjamma

To advertise here,contact us