തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്ക് മെഡിക്കല്‍ ട്രയലിനുള്ള മരുന്ന് നല്‍കിയതായി ആരോപണം. പഴയ മരുന്ന് മാറ്റി ജനറിക് മരുന്ന് കൊടുത്തപ്പോഴാണ് കുപ്പിയുടെ മുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് രോഗികള്‍ക്ക് ഇന്നലെയാണ് ഇത്തരത്തില്‍ മരുന്ന് നല്‍കിയത്. സൗജന്യമായി നല്‍കിയിരുന്ന പഴയ മരുന്നിന് വില കൂടുതലായതിനാലാണ് ജനറിക് മരുന്നുകള്‍ നല്കാന് തീരുമാനിച്ചത്.
തങ്ങളുടെ കുഞ്ഞുങ്ങളെ പരീക്ഷണ വസ്തുക്കളാക്കുകയാണെന്നും അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ ആര് ഉത്തരവാദിത്തം പറയുമെന്നും രക്ഷിതാവ് ചോദിക്കുന്നു.
'എസ്എടി ആശുപത്രി വഴി 118 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തവണ ചെന്നപ്പോള്‍ പുതിയൊരു ജെനറിക് വേര്‍ഷനാണ് നല്‍കിയത്. ഒരു ക്ലിനിക്കല്‍ ടെസ്റ്റോ പോലും നടത്താതെയാണ് ഈ ഡ്രഗ് മാര്ക്കറ്റിലെത്തിയതെന്നാണ് അറിഞ്ഞത്. ഫിസിഷ്യന്‍ സാമ്പിളോ ക്ലിനിക്കല്‍ ട്രയലോ ആയി മാത്രം ഉപയോഗിക്കുന്ന മരുന്നെന്ന് ഇതിലെഴുതി വെച്ചിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ രോഗം മാറി വരികയാണ്. അങ്ങനെയുള്ളവരിലാണ് ഈ ക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടക്കുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ പരീക്ഷണ വസ്തുക്കളാക്കുകയാണ്. അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ ആര് ഉത്തരവാദിത്തം പറയും?', രക്ഷിതാക്കൾ ചോദിക്കുന്നു.
Content Highlights: SMA Patients Receive Medicines Meant For Medical Trials Allegation