തിരുവനന്തപുരം: സിഎംആര്എല് എക്സാലോജിക് കേസില് പിണറായി വിജയനോട് സര്ക്കാര് മൃദുസമീപനം സ്വീകരിക്കുന്നതില് കെപിസിസി മീഡിയ വാട്സ്ആപ്പ് ഗ്രൂപ്പില് തമ്മില് തല്ല്. എക്സാലോജിക്ക് കേസില് സര്ക്കാറിന് മീഡിയ പാനലിസ്റ്റുകളുടെ വിമര്ശനമുണ്ടായി. ഹൈക്കോടതിയില് പിണറായിയെ സര്ക്കാര് അനുകൂലിച്ചു എന്നാണ് വിമര്ശനം. ഉമ്മന് ചാണ്ടിക്ക് നീതിവേണമെന്നാണ് ഒരു വിഭാഗം യുവനേതാക്കളുടെ ആവശ്യം.
ജിന്റോ ജോണ്, വി ആര് അനൂപ് എന്നിവരാണ് കടുത്ത വിമര്ശനം ഉന്നയിച്ചത്. എന്നാല് സര്ക്കാരിനെ വിമര്ശിക്കാന് പാടിലെന്നായിരുന്നു രാജു പി നായരുടെ നിലപാട്. അതേസമയം സര്ക്കാറിന്റെ വീഴ്ചകള് ചൂണ്ടിക്കാട്ടുമെന്ന് ഒരു വിഭാഗം നേതാക്കള് നിലപാടെടുക്കുകയായിരുന്നു. വിമര്ശനങ്ങളെ വിലക്കുന്നത് ശരിയല്ലെന്നാണ് ഇവര് നിലപാടെടുത്തത്. കെപിസിസി പ്രസിഡണ്ട് ഉള്പ്പെടെ അംഗമായ ഗ്രൂപ്പിലാണ് തര്ക്കമുണ്ടായത്. കെപിസിസി ജനറല് സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്ഗീസിനാണ് മീഡിയ പാനലിന്റെ ചുമതല ഉള്ളത്.
മാത്യു കുഴല്നാടന് അടക്കം വിഷയത്തിലെ നിലപാട് വീണ്ടും പരസ്യമായി തന്നെ തുറന്നടിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സരിതയുടെ കയ്യില് നിന്ന് ഒരു തുണ്ട് കടലാസ് വാങ്ങി ബലാത്സംഗ കേസ് എടുത്ത് ഉമ്മന് ചാണ്ടിയെ സിബിഐക്ക് മുന്നില് എറിഞ്ഞ് കൊടുത്ത ആളാണ് പിണറായി വിജയന് എന്നാണ് മാത്യു കുഴല്നാടന് പറഞ്ഞത്. ഒരിളവും പിണറായിക്ക് നല്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില് കെ സുധാകരനും കടുത്ത നിലപാടാണ് സ്വീകരിച്ചത്. ആണുങ്ങളുടെ സര്ക്കാരാണ് ഇവിടെ ഉള്ളതെങ്കില് നടപടി ഉണ്ടാകുമെന്നും ഇവിടെ അങ്ങനെ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന് അറിയില്ലെന്നുമായിരുന്ന സര്ക്കാരിനെതിരായ കടുത്ത ഭാഷയിലെ വിമര്ശനം. നടപടിക്ക് പോകുന്നതില് എത്ര പേര് നട്ടെല്ല് കാണിക്കും എന്ന് നോക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല് മുഖ്യമന്ത്രിയെ പിന്തുണച്ച് കെ പി നൗഷാദ് അലി എംഎല്എ രംഗത്ത് വന്നിരുന്നു. പിണറായി വിജയനെതിരെ ആളുകള് നടക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഇവിടെ നടന്നു കഴിഞ്ഞെന്നും കെ പി നൗഷാദ് അലി പറഞ്ഞു. രാഷ്ട്രീയ അന്തസിന് വിരുദ്ധമായി ഒരു നിലപാട് കോണ്ഗ്രസ് സ്വീകരിക്കില്ല. ഇഡി കേസ് എടുക്കണമെന്ന് പറയുമ്പോള് വെള്ളം തൊടാതെ വിഴുങ്ങുന്ന നിലപാടല്ല കോണ്ഗ്രസ് സര്ക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അതേസമയം മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മന്ചാണ്ടിക്ക് നീതി കിട്ടിയിട്ടില്ല എന്നാണ് വി ആര് അനൂപ് പറഞ്ഞത്. സര്ക്കാരിനെ വിമര്ശിക്കുന്നതില് കെപിസിസിയുടെ മീഡിയ പാനലിസ്റ്റുകള്ക്ക് ഇപ്പോള് വിലക്കുണ്ട്. ഉമ്മന്ചാണ്ടി ഭരിച്ചപ്പോള് അന്ന് മാധ്യമങ്ങളില് പാര്ട്ടി മുഖമായി വന്നവര് ഇത്തരം നിയന്ത്രണങ്ങള് പാലിച്ചിരുന്നോ എന്ന ചോദ്യം നിലവിലുണ്ട്. പാര്ട്ടിക്ക് പുറത്തും പാര്ട്ടിക്ക് അകത്തും നീതി കിട്ടാതെ പോയ ഒരാളാണ് ഉമ്മന്ചാണ്ടി എന്നും എല്ലാം ദൈവം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈക്കൂലി ആരോപണത്തിലും ഹവാല ആരോപണത്തിലും പിണറായി വിജയനും വീണ ടിക്കും റിയാസിനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്ത് കൊടുത്തിരുന്നെങ്കിലും എഫ്ഐആര് രജിസ്റ്റര് ചെയ്യാതെ പ്രാഥമിക അന്വേഷണം ആദ്യം മതിയെന്നായിരുന്നു സര്ക്കാര് നിലപാട്. പിന്നാലെ എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന് സിംഗിള് ബെഞ്ച് വിധി വന്നതിന് പിന്നാലെയാണ് പിണറായി വിജയനും വീണ ടിക്കും മുഹമ്മദ് റിയാസിനുമെതിരെ വിജിലന്സ് രണ്ട് എഫ്ഐആറുകള് രജിസ്റ്റര് ചെയ്യുന്നത്. ഇതിനെതിരെ പ്രതി ചേര്ക്കപ്പെട്ടവര് അപ്പീലിന് അനുമതി തേടി ഡിവിഷന് ബെഞ്ചിനെ സമീപിച്ച ഘട്ടത്തില് പിണറായിക്കെതിരെ ഇഡി തന്ന തെളിവുകളില് സംശയം ഉണ്ടായിരുന്നെന്ന് സര്ക്കാര് നിലപാടെടുത്തിരുന്നു.
അതിനാലാണ് പ്രഥമിക അന്വേഷണം നടത്തിയതെന്നും സര്ക്കാര് വ്യക്തമാക്കിയിരുന്നു. കൂടാതെ പരാതിക്കാരനായ കെ എം ഷാജഹാന് സത്യസന്തനായ വ്യവഹാരി അല്ലെന്ന നിലപാട് ഹര്ജിക്കാരും സര്ക്കാരും ഒരുപോല സ്വീകരിച്ചിരുന്നു. എന്നാല് പിണറായി വിജയനെതിരായാണ് ഡിവിഷന് ബെഞ്ച് വിധി വന്നത്. ഇതിന് പിന്നാലെ വാര്ത്താ സമ്മേളനം നടത്തിയ കോണ്ഗ്രസ് നേതാവ് മാത്യു കുഴല് നാടന് സര്ക്കാര് നിലപാട് തിരുത്തേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല് സര്ക്കാര് പക്വതയോടെയാണ് നിലപാട് സ്വീകരിച്ചതെന്നും ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. പിണറായിക്ക് അനുകൂലനമായി നിലപാട് സ്വീകരിക്കുന്ന സര്ക്കാര് ഉമ്മന് ചാണ്ടിക്ക് നീതി നിഷേധിക്കപ്പെട്ടത് മറന്നു എന്നായിരുന്നു ജിന്റോ ജോണിന്റെ വിമര്ശനം.
Content Highlights: A dispute reportedly broke out in the KPCC media WhatsApp group over the government’s position in the CMRL-Exalogic case. Jinto John and V R Anoop reportedly criticised the government for supporting Pinarayi Vijayan in the High Court, while Raju P Nair argued that the government should not be criticised. Another group of leaders maintained that government shortcomings must be highlighted and that criticism should not be restricted. The dispute took place in a group that includes the KPCC president, with general secretary Deepti Mary Varghese in charge of the media panel.