'UDF സിന്‍ഡിക്കേറ്റ് നിയമിച്ചത് 32 സംഘപരിവാറുകാരെ'; കാലിക്കറ്റ് സര്‍വകലാശാല പഠന ബോര്‍ഡ് നിയമനം വിവാദത്തില്‍

ബോര്‍ഡുകളില്‍ അംഗങ്ങളായ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങളുമായി സംഘടന പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പഠന ബോര്‍ഡ് പുനഃസംഘടനയില്‍ സജീവ സാന്നിധ്യമായി സംഘപരിവാര്‍ അധ്യാപക സംഘടനയിലെ അധ്യാപകര്‍. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് ആയിരിക്കെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ സംഘപരിപരിവാറുകാര്‍ വ്യാപകമായി ഇടംപിടിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് എന്ന സംഘടനയിലെ 32 അധ്യാപകരാണ് വിവിധ ബോര്‍ഡുകളിലായി ഇടം പിടിച്ചത്. ഇതില്‍ രണ്ട് പേര്‍ വിവിധ ബോര്‍ഡുകളുടെ ചെയര്‍മാന്‍മാരാണ് എന്നതും വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ബോര്‍ഡുകളില്‍ അംഗങ്ങളായ അധ്യാപകര്‍ക്ക് അഭിനന്ദനങ്ങളുമായി സംഘടന പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. സര്‍വകലാശാലയിലെ കോഴ്സുകള്‍ക്കുള്ള സിലബസുകള്‍ തയ്യാറാക്കുന്നത് ഈ പഠന ബോര്‍ഡുകളാണ് എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നമായി എസ്എഫ്‌ഐയും ഇടത് അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. വിഷയങ്ങളില്‍ വലിയ പരിജ്ഞാനമുള്ള മുതിര്‍ന്ന അധ്യാപകരെയാണ് സാധാരണ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സിന്‍ഡിക്കേറ്റ് സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫ് സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി ഇടത് സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളേജുകളില്‍ അടക്കം പരിചയ സമ്പന്നരായ നിരവധി അധ്യാപകര്‍ ഉള്ളപ്പോഴാണ് ഇത്തരത്തില്‍ സംഘപരിവാറുകാരെ നുഴഞ്ഞുകയറാന്‍ യുഡിഎഫ് സിന്‍ഡിക്കേറ്റ് തന്നെ അവസരം ഒരുക്കുന്നതെന്ന് സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

സ്വാശ്രയ കോളേജുകളില്‍ നിന്നുള്ള ഗസ്റ്റ് അധ്യാപകര്‍ക്കടക്കം ഇത്തരത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയിട്ടുണ്ട്. കൂടാതെ പാലക്കാട് തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള അധ്യാപകരെ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കരിക്കുലം പരിഷ്‌കരിക്കുന്ന സമയം അടുത്തിരിക്കെ ഇത്തരം ഒരു നീക്കം കൊണ്ട് യുഡിഎഫ് ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂര്‍ണമായി കാവി വല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന് എസ്എഫ്‌ഐ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നു. ഉത്തരവ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ ഇതില്‍ ഇനി മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് വിവരം.

Content Highlights: Teachers affiliated with the Higher Education Teachers Sangh have secured positions across Calicut University’s reconstituted Boards of Studies, according to the report. A total of 32 teachers from the organisation have been appointed to various boards, with two becoming chairpersons. The appointments have drawn criticism despite the university’s syndicate having a Congress majority.

To advertise here,contact us