കൊച്ചി: കൊച്ചിയിലെ ജെയിന് യൂണിവേഴ്സിറ്റി ഡയറക്ടര് ടോം ജോസഫ് പ്രതിയായ വ്യാജരേഖ കേസില് വന് അട്ടിമറിനീക്കമെന്ന് സംശയം. കേസിലെ പ്രധാന തൊണ്ടിമുതലായ വസ്തുക്കള് ഇതുവരെ കോടതിയില് എത്തിയിട്ടില്ല. ഇതിനാല് 14 വര്ഷം പിന്നിട്ടിട്ടും ജയിന് യൂണിവേഴ്സിറ്റി ഡയറക്ടര് ഒന്നാം പ്രതിയായ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രം നല്കിയ എറണാകുളം തൃക്കാക്കര പൊലീസിന് കോടതി പലവട്ടം ഷോക്കോസ് നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
2013ലാണ് ആലുവ കോടതിയില് പൊലീസ് കുറ്റപത്രം നല്കിയത്. തൊണ്ടിയടക്കമുള്ള രേഖകള് കുറ്റപത്രത്തോടൊപ്പം നല്കിയിരുന്നു. എല്ലാം പൊലീസിനെ സൂക്ഷിക്കാന് ഏല്പ്പിച്ചെന്നാണ് ആലുവ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതികരണം. എന്നാല് കോടതിക്ക് തിരികെ നല്കിയെന്നാണ് പൊലീസ് പറയുന്നത്.
തൊണ്ടികള് ഹാജരാക്കാന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസിന് കോടതി മെമ്മോ നല്കുകയും ചെയ്തിരുന്നു. തൃക്കാക്കര എസ്എച്ച്ഒയ്ക്ക് പലവട്ടം ഷോക്കോസ് നല്കുകയും ചെയ്തു. എന്നാല് ഇതുവരെ തൊണ്ടികള് ഹാജരാക്കാന് പൊലീസിന് സാധിച്ചിട്ടില്ല. മുന്മന്ത്രി ആന്റണി രാജു പ്രതിയായി അയോഗ്യത ഏറ്റുവാങ്ങിയ തൊണ്ടിമുതല് തിരിമറി കേസിന് സമാനമാകുകയാണ് ഇവിടെയും സാഹചര്യം എന്നാണ് വിമര്ശനം.
കേസിലെ പ്രതിയായ ടോം ജോസഫ് ഉള്പ്പെടെയുള്ളവര് കോടതിയില് ഹാജരാകുന്നില്ലെന്നതാണ് ഗുരുതരമായ മറ്റൊരു വസ്തുത. പലവട്ടം വിളിച്ചപ്പോഴും പ്രതികള് കോടതിയില് എത്തിയില്ല. ഒന്നാം പ്രതി ടോം ജോസഫ് കോതയില് നേരിട്ടെത്തിയത് ഒന്നര വര്ഷം മുമ്പാണ്. ഈ വര്ഷം ഏപ്രിലില് വക്കീല് മുഖേനയായിരുന്നു ഹാജരായത്. കോടതി നിര്ദേശങ്ങളില് നിന്ന് ഒഴിഞ്ഞുമാറുകയാണ് പ്രതികള് ചെയ്യുന്നത്. തുടര്ന്ന് ഏഴാം പ്രതിക്ക് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Content Highlights: Questions have emerged over the case involving Tom Joseph as the material evidence has reportedly not reached the court, raising concerns about possible tampering.