തിരുവനന്തപുരം: കെഎസ്ഇബിയുടെ രണ്ടാം ഘട്ട സ്മാര്ട്ട് മീറ്റര് പദ്ധതി ടെന്ഡറില് കെഎസ്ഇബിയുടെയും സര്ക്കാരിന്റെയും ദുരൂഹനീക്കം. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് കരാര് നല്കാതെ ടെന്ഡറില് തീരുമാനമെടുക്കാന് സര്ക്കാരിന് ശുപാര്ശ നല്കിയിരിക്കുകയാണ് കെഎസ്ഇബി ബോര്ഡ് യോഗം. ബോര്ഡ് യോഗത്തിന്റെ മിനുട്സ് റിപ്പോര്ട്ടറിന് ലഭിച്ചു.
രാജ്യത്ത് തന്നെ ഇതുവരെ ഏറ്റവും കുറഞ്ഞ തുകയ്ക്ക് പദ്ധതി നടപ്പാക്കാന് മുന്നോട്ടുവന്ന കമ്പനിക്ക് ടെന്ഡര് അനുവദിക്കാതെയാണ് കെഎസ്ഇബി ഒളിച്ചു കളി തുടരുന്നത്. ഇത് ആരെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയര്ന്നിരിക്കുന്നത്. രണ്ടാം ഘട്ട സ്മാര്ട്ട് മീറ്റര് പദ്ധതിയുടെ ടെന്ഡറാണ് വൈകിപ്പിക്കുന്നത്. ടെന്ഡര് കാലാവധി ആവസാനിക്കാന് ദിവസങ്ങള് മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ അലംഭാവം തുടരുന്നത്. നവംബര് 11നാണ് ടെന്ഡര് കാലാവധി അവസാനിക്കുക.
ടെന്ഡറില് കുറഞ്ഞ തുക പറഞ്ഞ കമ്പനി കോട്ട് ചെയ്തത് 1,399 കോടി രൂപയാണ്. മറ്റ് 9 കമ്പനികളും വന് തുകയാണ് പറഞ്ഞിരുന്നത്. പത്താം സ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് നല്കിയ തുക 3,568 കോടി രൂപയാണ്. ടെന്ഡര് കാലാവധി അവസാനിക്കാനിരിക്കെ, സര്ക്കാരിന്റെ അനുമതിക്കായി ശുപാര്ശ അയച്ച് തീരുമാനം വൈകിപ്പിക്കുന്നതിലും ദുരൂഹതയുണ്ട്. സംസ്ഥാനത്ത് സ്മാര്ട്ട് മീറ്റര് പൂര്ത്തിയാകാത്തതിന്റെ ബുദ്ധിമുട്ട് പല രീതിയില് അനുഭവിക്കുന്നതിനിടയില് കേന്ദ്രത്തില് നിന്ന് കിട്ടേണ്ട 1200 കോടി രൂപ ഗ്രാന്ഡും തടഞ്ഞു വെച്ചിരിക്കുകയാണ്.
Content Highlights: he second-phase smart meter project tender has raised questions over KSEB’s decision-making process. The KSEB board meeting reportedly recommended that the government take a decision on the tender rather than awarding the contract to the company that quoted the lowest amount.