'കിഫ്ബി വന്‍ കടബാധ്യത വരുത്തി, ധന വകുപ്പിനെ നോക്കുകുത്തിയാക്കി': മുഖ്യമന്ത്രി വി ഡി സതീശൻ

കിഫ്ബി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു. ഇത്രയും നാൾ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു. 25932.55 കോടിരൂപ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാന്‍ കിഫ്ബി കാരണമായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാരില്‍ ധന വകുപ്പിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി അധ്യക്ഷനായ യോഗം മറികടന്നു. 13103 കോടി രൂപ കിഫ്ബി വഴി അധിക ചെലവ് ഉണ്ടായി. ധനവകുപ്പിനെ നോക്കുകുത്തിയാക്കി നിര്‍ത്തി.

കിഫ്ബി പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കിഫ്ബി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് ഇരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തത്.കണ്ണൂരില്‍ 1000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 203.72 കോടി രൂപ പരസ്യത്തിന് ചിലവഴിച്ചു. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് നടപടികള്‍ എടുത്തത്. 498 ജീവനക്കാരെ സര്‍ക്കാര്‍ അനുമതിയില്ലാതെ നിയമിച്ചതെന്നും 40 തസ്തികകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സര്‍ക്കാരിന് കടബാധ്യത ഉണ്ടാക്കി വെച്ച സ്ഥാപനമാണ് കിഫ്ബി. കിഫ്ബി റിപ്പോര്‍ട്ടിനെ കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചു. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം തുടങ്ങി വെച്ച പദ്ധതികള്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനങ്ങളും മുഖ്യന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനായുള്ള കുടംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി. രണ്ട് ലക്ഷത്തില്‍ നിന്നാണ് മൂന്ന് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. അടിയന്തര സാഹചര്യം നേരിടാന്‍ കളക്ടര്‍മാര്‍ക്ക് ഒരു കോടി രൂപയുടെ പ്രത്യേക ഫണ്ട് മന്ത്രിസഭാ യോഗം അനുവദിച്ചു. 56 അതിവേഗ കോടതികളുടെ കാലാവധിയും നീട്ടി. സ്റ്റേറ്റ് ഡാറ്റാ പോളിസി കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. റവന്യൂ വകുപ്പില്‍ പുതിയ 152 വാഹനങ്ങള്‍ വാങ്ങാന്‍ പണം അനുവദിച്ചു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: V. D. Satheesan alleged that KIIFB had created a huge debt burden and sidelined the Finance Department, sparking debate over the state's financial management.

To advertise here,contact us