'ലോകത്തിലെ മുഴുവൻ ക്രിമിനലുകളും ഡല്‍ഹിയിൽ അടിഞ്ഞുകൂടുന്നു, ആ വിദ്വാനെ പട്ടായക്ക് വിടണം'; അധിക്ഷേപിച്ച് ബിജെപി

ഷംസുദീനെതിരെ സമരം ചെയ്ത യുവമോര്‍ച്ച നേതാവിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇരുനൂറുദീനും മുന്നൂറുദീനും ഇവിടെ ഒളിച്ചു കഴിയുന്നുവെന്നും പുതുക്കലവട്ടം ബാലചന്ദ്രന്‍ പറഞ്ഞു

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ച് ബിജെപി നേതാവ്. സമരം നടത്തുന്നവരെ പട്ടായയ്ക്ക് വിടണമെന്നായിരുന്നു ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പുതുക്കലവട്ടം ബാലചന്ദ്രന്റെ വിവാദ പ്രസംഗം. 'ഈ വിദ്വാനെ എത്രയും വേഗം പട്ടായയ്ക്ക് അയച്ചില്ലെങ്കില്‍ ഇവിടെ പ്രശ്‌നങ്ങളുണ്ടാകും. അയാള്‍ സ്ഥിരം പോകുന്ന സ്ഥലമാണ്. എല്ലാവരും ഡല്‍ഹിയില്‍ അടിഞ്ഞുകൂടുന്നു. ലോകത്തിലെ മുഴുവന്‍ ക്രിമിനലുകളും ഡല്‍ഹിയില്‍ അടിഞ്ഞുകൂടുകയാണ്', പുതുക്കലവട്ടം ബാലചന്ദ്രന്‍ പറഞ്ഞു.

അധോലോക നേതാക്കളും തീവ്രവാദികളും സമത്തിലുണ്ട്. സകല തീവ്രവാദികളുടെയും സ്ലീപ്പര്‍ സെല്ലുകള്‍ ഡല്‍ഹിയില്‍ ഉണ്ട്. അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ചാനലുകളിലെ ലലനാമണികള്‍ അല്‍പവസ്ത്രധാരികളായി ഡല്‍ഹിയിലെത്തുന്നുവെന്നും ബിജെപി നേതാവ് അധിക്ഷേപിച്ചു. ഷംസുദീനെതിരെ സമരം ചെയ്ത യുവമോര്‍ച്ച നേതാവിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇരുനൂറുദീനും മുന്നൂറുദീനും ഇവിടെ ഒളിച്ചു കഴിയുന്നുവെന്നും പുതുക്കലവട്ടം ബാലചന്ദ്രന്‍ പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരിക്കേറ്റ എന്‍എസ്‌യുഐ പ്രവര്‍ത്തകരുമായെത്തി മാധ്യമങ്ങളെ കണ്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് അതിക്രമം അഴിച്ചുവിടുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു. കോഴിക്കോട് സ്വദേശി അതിര സി ഉള്‍പ്പടെയുള്ള എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ ഇന്നലെ പ്രതിഷേധത്തിനിടെ ക്രൂരമായി മര്‍ദനമേറ്റത്.

കസ്റ്റഡിയിലെടുക്കുന്നതിനിടെ ബസിലും സ്റ്റേഷനിലും വെച്ച് ഡല്‍ഹി പൊലീസ് സമരക്കാരെ അക്രമിച്ചു. വനിതാ പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മര്‍ദ്ദനം തുടങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. മര്‍ദിച്ച പൊലീസുകാര്‍ നെയിം ബാഡ്ജ് ധരിച്ചിരുന്നില്ലെന്നും സ്വകാര്യ ഭാഗത്ത് ചവിട്ടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Content Highlights: A BJP leader has insulted protesters in the national capital who are demanding the resignation of Chief Election Commissioner Gyanesh Kumar.

To advertise here,contact us