തിരുവനന്തപുരം: മുത്തങ്ങാ സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ ഉത്തരവ്. 12.5 ലക്ഷം രൂപ നഷ്ട പരിഹാരമായി നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ട പരിഹാരം പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.
2021 ലാണ് നഷ്ടപരിഹാരം നല്കാന് ആദ്യം കോടതി ഉത്തരവ് ഇട്ടത്. വിധിക്കെതിരെ സര്‍ക്കാരും 2 പൊലീസ് ഉദ്യോഗസ്ഥരും അപ്പീല്‍ നല്‍കുകയായിരുന്നു. മുത്തങ്ങ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപിച്ചാണ് അധ്യാപകനായ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ 23 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. ഡയറ്റില്‍ ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു പൊലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചത്.
മുത്തങ്ങ സമരസമയത്ത് വയനാട് ഡയറ്റില്‍ ഗസറ്റഡ് റാങ്ക് അധ്യാപകനായിരുന്ന സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. 32 ദിവസം സുരേന്ദ്രന് ജയിലില്‍ കിടക്കുകയും പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയാവുകയും ചെയ്തു. മര്‍ദനത്തില്‍ ശരീരം തളര്‍ന്നുവെങ്കിലും തനിക്കെതിരെ എടുത്ത വ്യാജ കേസിനും ക്രൂരമര്‍ദനത്തിനും പൊലീസിനെതിരെ ശക്തമായ നിയമ പോരാട്ടമാണ് സുരേന്ദ്രന് നടത്തിയത്. ഒടുവില്‍ സുരേന്ദ്രന്റെ വാദം ശരിവച്ചാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുല്‍ത്താന്‍ ബത്തേരി സബ് കോടതി വിധിച്ചത്. എന്നാല്‍ 2020ല്‍ സര്‍ക്കാര്‍ ഈ വിധിക്കെതിരെ വീണ്ടും അപ്പീല്‍ പോയി. എന്നാല്‍ ഈ അപ്പീല്‍ തള്ളിക്കൊണ്ട് കീഴ്കോടതി വിധിച്ച നഷ്ടപരിഹാര തുക ഇരട്ടിയില്‍ അധികം നല്‍കാനാണ് വയനാട് ജില്ലാ കോടതി ഉത്തരവിട്ടത്.
Content Highlights: Kerala government orders ₹12.5 lakh compensation for K K Surendran, who suffered police assault during the Muthanga protest, with the amount to be recovered from the police officers concerned