ആരോഗ്യവകുപ്പില്‍ അനധികൃത നിയമനം; സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഡോക്ടര്‍ക്ക് സൂപ്രണ്ടായി പുനര്‍നിയമനം

സൂപ്രണ്ട് തസ്തികയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിയമനം

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനമെന്ന് ആരോപണം. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഡോക്ടര്‍ക്ക് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ട് തസ്തികയിലാണ് പുനര്‍നിയമനം ലഭിച്ചത്. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ പ്യാരി ടി ടി യ്ക്കാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വന്തം നാട്ടില്‍ നിയമനം നല്‍കിയത്. തമിഴ്നാട് വിളവങ്കോട് കോണ്‍ഗ്രസ് എംഎല്‍എ ടി ടി പ്രവീണിന്റെ സഹോദരിയാണ് പ്യാരി ടി ടി.

ആരോഗ്യവകുപ്പ് പ്രതിസന്ധിയിലായ സമയത്ത് വിദേശത്ത് യാത്ര ചെയ്‌തെന്ന ആരോപണത്തിലാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഡോ പ്യാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. സൂപ്രണ്ട് തസ്തികയിലേക്ക് പ്രവേശിക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്. ബോണ്ട് കെട്ടിവയ്ക്കുന്നതുള്‍പ്പെടെയുള്ള യാതൊരു മാനദണ്ഡവും പാലിച്ചിട്ടില്ല.

ഡോ പ്യാരി ഇന്ന് ചാര്‍ജെടുത്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കൊണ്ട് സ്വന്തം നാട്ടില്‍ നിയമനം നേടിയിരിക്കുകയാണ് പ്യാരിയെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ഡോക്ടറുടെ നിയമനം രാഷ്ട്രീയ സ്വാധീനത്താലെന്ന ആരോപണത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ ഇന്ന് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.

Content Highlights: A dismissed doctor has been reappointed as superintendent of Neyyattinkara General Hospital, with DYFI alleging that appointment norms were violated and political influence was involved

To advertise here,contact us