'നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിക്കുന്നത് ഒഴിവാക്കണമായിരുന്നു'; CPIM പത്തനംതിട്ട വിപുലീകൃത കമ്മിറ്റിയിൽ വിമർശനം

'മന്ത്രിമാരുടെ ഓഫീസിലുള്ളവര്‍ അഹന്തയും അഹങ്കാരവും പ്രകടിപ്പിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയിരുന്നെങ്കില്‍ അഹങ്കാര പ്രവണത തുടരുമായിരുന്നു'

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനം. നേതാക്കള്‍ ബന്ധുക്കളെ മത്സരിപ്പിക്കുന്നത് ഒഴിവാക്കണമായിരുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നു. എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ഓഫീസുകളില്‍ സാധാരണക്കാരെ ഗൗനിച്ചില്ലെന്നും വിമര്‍ശനമുണ്ട്. മൂന്നാം തവണയും അധികാരത്തിലെത്തിയിരുന്നെങ്കില്‍ അഹങ്കാര പ്രവണത തുടരുമായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് സ്വാതന്ത്ര്യത്തോടെ കയറാന്‍ സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

ചൊവ്വാഴ്ചയായിരുന്നു പത്തനംതിട്ടയില്‍ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ആരംഭിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടിക്രമങ്ങള്‍ സ്വീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഇന്നലെ നടന്ന പൊതുചര്‍ച്ചയിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. നേതാക്കള്‍ ബന്ധുക്കളെ മത്സരിപ്പിച്ചത് സംസ്ഥാനതലത്തില്‍ തന്നെ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണമായതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ഓഫീസുകളില്‍ സാധാരണക്കാരെ ഗൗനിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ ഓഫീസിലുള്ളവര്‍ അഹന്തയും അഹങ്കാരവും പ്രകടിപ്പിച്ചു. മൂന്നാം തവണയും അധികാരത്തിലെത്തിയിരുന്നെങ്കില്‍ അഹങ്കാര പ്രവണത തുടരുമായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്ത് പൊലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യത്തോടെ കയറാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെ നേതാക്കള്‍ പേരെടുത്തുതന്നെ വിമര്‍ശിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ നടപടി വൈകിയതിലും വിമര്‍ശനം ഉയര്‍ന്നു. എ പത്മകുമാറിനെതിരെ നേരത്തേ തന്നെ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പത്മകുമാറിനെതിരെ നടപടി വൈകിയത് ജില്ലയില്‍ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണമായെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

അതേസമയം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ആരെയൊക്കെ പരിഗണിക്കണം എന്നുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് ഒരംഗത്തെക്കൂടി പരിഗണിക്കും എന്നാണ് വിവരം. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഒന്‍പത് അംഗങ്ങളാണുള്ളത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാറിനെയോ കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറിനെയോ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുമെന്നാണ് വിവരം. ഇതോടൊപ്പം ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി മൂന്ന് പേരെ കൂടി ഉള്‍പ്പെടുത്തുമെന്ന സൂചനയുമുണ്ട്.

Content Highlights- The CPIM Pathanamthitta expanded district committee discussed the issue of party leaders fielding relatives in elections. Members reportedly said such practices should have been avoided

To advertise here,contact us