ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ നിയമനം; ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച രതീഷ്, നിലവില്‍ ബിജെപി പെന്‍ഷണേഴ്‌സ് സെല്ലിന്റെ കണ്‍വീനറാണ്

തിരുവനന്തപുരം: ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ നിയമനം. ബിജെപി സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര്‍ നായരെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സി-മെറ്റ് എന്ന സ്ഥാപനത്തില്‍ നിയമിച്ചിരിക്കുന്നത്. പത്തനംതിട്ട കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ സീനിയര്‍ സൂപ്രണ്ടായാണ് നിയമനം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച രതീഷ്, നിലവില്‍ ബിജെപി പെന്‍ഷണേഴ്‌സ് സെല്ലിന്റെ കണ്‍വീനറാണ്. ആരോഗ്യ മന്ത്രി കെ മുരളീധരന്റെ നിര്‍ദേശ പ്രകാരമാണ് നിയമനമെന്നാണ് സൂചന. ആരോഗ്യ വകുപ്പ് ഉത്തരവും രതീഷിനെ ബിജെപി പെന്‍ഷണേഴ്‌സ് സെല്ലിൽ നിയമിച്ചുകൊണ്ടുള്ള സര്‍ക്കുലറും റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനഞ്ചാം തീയതിയായിരുന്നു കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ രതീഷിന് നിയമനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രത്യേക താത്പര്യപ്രകാരമാണ് രതീഷിന് നിയമനം നല്‍കിയിരിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതായും വിവരമുണ്ട്. നിലവില്‍ കരാര്‍ അടിസ്ഥാനത്തിലാണ് രതീഷിന് നിയമനം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ കരാര്‍ നീട്ടി നല്‍കാം. 31,480 രൂപയാണ് രതീഷിന് ശമ്പളമായി ലഭിക്കുക. പെന്‍ഷനും ലഭിക്കും.

അടുത്തകാലംവരെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആളാണ് രതീഷ്. അന്ന് ബിജെപിയുടെ സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ ബിജെപി സംഘിൻ്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലൈ പതിനഞ്ചാം തീയതിയായിരുന്നു രതീഷിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള ബിജെപിയുടെ പെന്‍ഷണേഴ്‌സ് സെല്ലില്‍ നിയമിച്ചത്. ബിജെപിയുടെ തിരുവനന്തപുരത്തെ മുന്‍നിര നേതാക്കന്മാരില്‍ ഒരാള്‍ കൂടിയാണ് രതീഷ്. കഴക്കൂട്ടമാണ് രതീഷിന്റെ സ്വദേശം.

Content Highlights- A BJP leader has reportedly received an appointment in the Kerala Health Department. The report alleges that the appointment was made following a direction from the Health Minister. 

To advertise here,contact us